മോണ്ട്‌റീൽ: ഭീഷണിയെത്തുടർന്ന് എമർജൻസി ലാൻഡിങ് നടത്തവേ കാനേഡിയൻ വെസ്റ്റ് ജെറ്റ് വിമാനത്തിലെ ആറു യാത്രക്കാർക്ക് പരിക്കേറ്റു.  എഡ്മണ്ടനും ടൊറന്റേയ്ക്കും ഇടയ്ക്ക് സർവീസ് നടത്തവേയാണ് വെസ്റ്റ് ജെറ്റ് ബോയിങ് 737 വിമാനത്തിന് ട്വിറ്ററിലൂടെ ഭീഷണി ലഭിക്കുന്നത്.ഉടൻ തന്നെ വിമാനം വിന്നിപെഗ്ഗിലേക്ക് തിരിച്ചുവിട്ട് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.

വിമാനത്തിൽ 54 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എമർജൻസി ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്ന് ഇവരെ ഉടൻ ഒഴിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ആറു യാത്രക്കാർക്ക് പരിക്കേൽക്കുന്നത്.

അതേസമയം മൂന്നു ദിവസത്തിനുള്ളിൽ വെസ്റ്റ് ജെറ്റിന് ഉണ്ടായ രണ്ടാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്. ഹാലിഫാക്‌സിൽ നിന്ന് എഡ്മണ്ടനിലേക്കു പോകുകയായിരുന്ന ബോയിങ് 737 വിമാനത്തിൽ സ്‌ഫോടക വസ്തു ഉണ്ടെന്നായിരുന്നു  സന്ദേശം. 153 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഹാലിഫാക്‌സിലേക്കു തന്നെ തിരിച്ചു വിട്ട വിമാനം എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. എന്നാൽ ഒരു തരത്തിലുള്ള സ്‌ഫോടക വസ്തുവും കണ്ടെത്താൻ സാധിച്ചിരുന്നില്ല.