- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പെഗസ്സസ് വിഷയത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധം; തൃണമൂലിന്റെ ആറ് രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ; നടപടി, സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിന്; ഇന്നത്തെ ദിവസം സഭയിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം
ന്യൂഡൽഹി: പെഗസ്സസ് വിഷയത്തിലെ പ്രതിഷേധത്തിന്റെ പേരിൽ ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെൻ. ഇവരോട് ഇന്നത്തെ ദിവസം സഭയിൽനിന്ന് മാറി നിൽക്കാൻ ചെയർമാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതോടെയാണ് കർശന നടപടിയിലേക്ക് നീങ്ങിയത്. ഡോള സെൻ, നദീമുൾ ഹക്ക്, അബീർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവർക്കെതിരേയാണ് നടപടി.
6 TMC MPs, Dola Sen, Md. Nadimul Haque, Abir Ranjan Biswas, Shanta Chhetri, Arpita Ghosh & Mausam Noor directed to withdraw from Rajya Sabha for their unruly behaviour. pic.twitter.com/WB4BadJ5lK
- All India Radio News (@airnewsalerts) August 4, 2021
പെഗസ്സസ് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച എംപിമാരോട് അവരുടെ സീറ്റുകളിലേക്ക് മടങ്ങാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. തുടർന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചവർക്കെതിരേ റൂൾ 255 പ്രകാരം നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അംഗങ്ങളെ സസ്പെന്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ എംപിമാർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു. മോദി-ഷാ സ്വേച്ഛാധിപത്യത്തിനെതിരെ മുഴുവൻ പ്രതിപക്ഷവും ഒന്നിക്കുന്നത് കാണാൻ ഇന്ന് രണ്ട് മണിക്ക് രാജ്യസഭയിലേക്ക് വരൂ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ തുടരുന്ന പ്രതിഷേധത്തിൽ രാജ്യസഭയും ലോക്സഭയും നിരന്തരമായി തടസപ്പെടുകയാണ്. വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാർലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്