ന്യൂഡൽഹി: ഡൽഹിയിൽ നിന്നും അപ്രതീക്ഷിതമായി മുങ്ങിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എവിടെ? കോൺഗ്രസ് ഉപാധ്യക്ഷന്റെ തിരോധാനത്തിനം ഒന്നരമ മാസം കഴിഞ്ഞതോടെ അണികളോട് പോലും കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കാത്ത വിധത്തിലാണ് കോൺഗ്രസ്. ഫെബ്രുവരി അവസാനമാണ് അമ്മയും, പാർട്ടി പ്രസിഡന്റുമായ സോണിയാ ഗാന്ധിക്ക് അവധിക്ക് കത്തും നൽകി രാഹുൽ അപ്രത്യക്ഷനായത്. മോദി സർക്കാരിന്റെ ഭൂ നിയമത്തെച്ചൊല്ലി പാർലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയപ്പോഴാണ് രാഹുൽ അവധിയിൽ പ്രവേശിച്ചത്. ഇതോടെ പ്രതിഷേധത്തിന്റെ മൂർച്ച കുറയുകയും,തുടർന്ന് സോണിയ നേരിട്ടെത്തി സമരം നയിക്കുകയുമായിരുന്നു.

അതേസമയം രാഹുലിന്റെ തിരോധാനം സോഷ്യൽ മീഡിയയിൽ വളരേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരന്തരമുള്ള തോൽവികളിൽ മടുത്ത് ഒളിച്ചോടുന്ന നായകന്റെ മേലങ്കിയാണ് ഫേസ്‌ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളും അദ്ദേഹത്തിന് ചാർത്തിയത്. നാൽപ്പത്തി നാലുകാരനായ ഈ അവിവാഹിത നേതാവ് കോൺഗ്രസ് തലപ്പത്തേക്ക് എത്തുമെന്നും അതിനുള്ള മാനസിക തയ്യാറെടുപ്പിനാണ് രാഹുൽ അവധിയെടുത്തതെന്നും വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പക്ഷേ ഒന്നരമാസക്കാലമായിട്ടും രാഹുൽ എവിടെയാണ് എന്ന് കണ്ടു പിടിക്കാനായില്ല.

അതേ സമയം രാഹുൽ രാജ്യത്തെ പലസ്ഥലങ്ങളിലും താമസിക്കുന്നതായി വാർത്തകൾ വന്നിരുന്നു. അതിനിടെ അദ്ദേഹം കൊച്ചിയിൽ ആയുർവേദ ചികിത്സയിലാണെന്നു വാർത്തയുണ്ടായിരുന്നെങ്കിലും അതിനും സ്ഥിരീകരണമില്ലായിരുന്നു. ഇതിനിടെ, രാഹുലിനെ കണ്ടെത്തുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ സോണിയാ ഗാന്ധി നേരിട്ടെത്തിയാണ് മണ്ഡലത്തിലെ ജനങ്ങളെ സമാധാനിപ്പിച്ചത്.

അതിനിടെ രാഹുൽ ഗാന്ധി ഏപ്രിൽ 19 ന് മുമ്പ് തിരിച്ചെത്തുമെന്ന് പാർട്ടിവൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഏപ്രിൽ 19 ന് ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ കോൺഗ്രസിന്റെ പ്രക്ഷോഭമുണ്ടെന്നും അതിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും പാർട്ടി നേതാവ് ദിഗ് വിജയ് സിങാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ മടങ്ങിവരവ് വൈകുന്നതിനാൽ ഏപ്രിലിൽ വിളിച്ചുചേർക്കാനിരുന്ന പ്രത്യേക എ.ഐ.സി.സി സമ്മേളനം മെയിലേക്ക് മാറ്റിയേക്കമെന്നുംസൂചനയുണ്ട്.

മെയിലെ സമ്മേളനത്തിൽ രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. എന്നാൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഈ വർഷം ഒടുവിൽ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലേ അധ്യക്ഷസ്ഥാനത്തേക്കുള്ളൂ എന്ന നിലപാട് രാഹുൽ സ്വീകരിക്കാനിടയുണ്ട്. രാഹുൽ അധ്യക്ഷ പദവിയിലെത്തിയാൽ സോണിയാഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സ്ഥാനത്ത് തുടരുമെന്നുമാണ് വാർത്തകൾ.