പനജി (ഗോവ) ;ഇന്ത്യൻ നാവികസേനയിലെ ആറു വനിതകൾ ചേർന്നു ചരിത്രം രചിച്ച് മടങ്ങിയെത്തി.ആർത്തിരമ്പുന്ന സമുദ്രത്തിലൂടെ 21,600(40,000 കിലോമീറ്റർ) നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച് ഉലകം ചുറ്റിയാണു ആറു ധീരവനിതകൾ തിരിച്ചെത്തിയത്. ഇവർക്ക് കേന്ദ്രത്തിന്റെ വകയായി അത്യുഗ്രൻ വരവേൽപ്പും നൽകി.

പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നാവികസേനാ മേധാവി അഡ്‌മിറൽ സുനിൽ ലാംബ എന്നിവർ സംഘത്തെ സ്വീകരിക്കാനെത്തി. 'നാവിക സാഗർ പരിക്രമ' എന്ന പേരിൽ ഐഎൻഎസ് തരിണി എന്ന പായ്വഞ്ചിയിലായിരുന്നു എട്ടുമാസം നീണ്ട ഉലകപ്രയാണം.

വനിതകൾ മാത്രമായി പായ്ക്കപ്പലിൽ ലോക സഞ്ചാരത്തിനിറങ്ങുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു സാഹസിക യാത്ര. സാഹസിക യാത്ര വിജയമായതിന്റെ ത്രില്ലിലാണ് ആറ് ഇന്ത്യൻ കരുത്തും.ഗോവയിൽ തുടങ്ങി ആറു സമുദ്രങ്ങൾ താണ്ടി തിരിച്ചു ഗോവയിലെത്തുമ്പോഴേക്കും ഏഴ് മാസങ്ങൾ പിന്നിട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബർ പത്തിനാണ് യാത്ര ആരംഭിച്ചത്.

ഉത്തരാഖണ്ഡിൽ നിന്നുള്ള ലഫ്. കമൻഡാന്റ് വർത്തിക ജോഷി(28)യാണു സംഘത്തിന്റെ നേതാവ്. നാവികസേനയിൽ ഏഴു വർഷത്തെ സേവന പരിചയമുണ്ടു വർത്തിക ജോഷിക്ക്. ഹിമാചൽ പ്രദേശിൽ നിന്നുള്ള പ്രതിഭ ജംവാൽ (28), വിശാഖപട്ടണത്തു നിന്നുള്ള പി. സ്വാതി (27), മണിപ്പൂരിൽ നിന്നുള്ള എസ്. വിജയദേവി (28), തെലങ്കാനയിൽ നിന്നുള്ള ബി. ഐശ്വര്യ (28), ഡെറാഡൂണിൽ നിന്നുള്ള പായൽ ഗുപ്ത (26) എന്നിവരടങ്ങുന്നതാണു സംഘം.

അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം, ഓസ്‌ട്രേലിയൻ മഹാസമുദ്രം, ഓസ്‌ട്രേലിയൻ ബൈറ്റ്, അന്റാർട്ടിക് സമുദ്രം, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം എന്നിവ കടന്നായാരുന്നു വിജയ യാത്ര.40,000 കിലോമീറ്റർ പിന്നിട്ടാണു തിരിച്ചെത്തിയത്. ഇതിനിടെ അഞ്ചിടത്തു മാത്രമാണു കരതൊട്ടത്. ബോട്ടിന്റെ അറ്റകുറ്റപ്പണി, അവശ്യസാധനങ്ങൾ ശേഖരിക്കൽ എന്നിവയ്ക്കായി ഫ്രീമന്റിൽ (ഓസ്‌ട്രേലിയ), ലിറ്റൽടൺ (ന്യൂസീലൻഡ്), പോർട്ട് സ്റ്റാൻലി (ഫോക്ലൻഡ്), കേപ് ടൗൺ (ദക്ഷിണാഫ്രിക്ക), മൊറീഷ്യസ് എന്നീ തുറമുഖങ്ങളിലാണു വഞ്ചി അടുപ്പിച്ചത്.

 സമുദ്ര സഞ്ചാരം പ്രോൽസാഹിപ്പിക്കുകയും സമുദ്ര സഞ്ചാരത്തിന്റെ സാഹസികതയിലേക്കു സ്ത്രീകളെ ആകർഷിക്കുകയുമാണു താരിണിയിലെ വനിതായാത്രയുടെ ഉദ്ദേശ്യം. രണ്ടു വർഷത്തിലേറെ നീണ്ട പരിശീലനത്തിനും ഒരുക്കങ്ങൾക്കും ഒടുവിലാണു വർത്തികയും സംഘവും യാത്രയ്ക്കു തയാറായത്. 2015 ഏപ്രിലിൽ തുടങ്ങിയ പരിശീലനമാണ്. മുംബൈയിലും കൊച്ചിയിലുമായി നാവിഗേഷൻ, സീമാൻഷിപ്, കമ്യൂണിക്കേഷൻ, മെറ്ററോളജി എന്നിവയെല്ലാം സംഘം പരിശീലിച്ചു. വിശാഖ പട്ടണത്തുനിന്നു ഗോവ വരെ 2016 ഫെബ്രുവരിയിൽ ട്രയൽ സഞ്ചാരം നടത്തി.

പിന്നീട് 2016 ജൂലൈയിൽ നാലായിരം നോട്ടിക്കൽ മൈൽ സഞ്ചരിച്ചു മൗറീഷ്യസ് വരെയെത്തി. ഗോവയിൽനിന്നു കേപ് ടൗൺ വരെ അയ്യായിരം നോട്ടിക്കൽ മൈൽ ദൂരവും പരിശീലനത്തിന്റെ ഭാഗമായി സഞ്ചരിച്ചു. 2017 ജനുവരിയിൽ നടന്ന കേപ് ടു റിയോ റേസിൽ ഈ സംഘത്തിലെ രണ്ടുപേർ പങ്കെടുക്കുകയും ചെയ്തു.