ത് കാലവും ഭൂമിയിൽ അടക്കി വാഴാമെന്നാണ് മനുഷ്യവർഗത്തിൽ പെട്ട ചിലരുടെ ധാരണ. സമീപഭാവിയിൽ ശാസ്ത്രത്തിന്റെ വികാസത്തെ ഉപയോഗപ്പെടുത്തി മരണത്തെ വരെ അതിജീവിക്കാനുള്ള ശ്രമങ്ങൾ മനുഷ്യൻ നടത്തി വരുന്നുണ്ട്. എന്നാൽ പ്രപഞ്ചത്തിന് അതിന്റെതായ നിയമങ്ങളും നീതികളുമുണ്ട്. ഓരോ കാലത്തും ഭൂമിയിൽ ജീവിച്ചിരിക്കേണ്ട ജീവിവർഗങ്ങളെക്കുറിച്ച് പ്രകൃതിക്ക് അതിന്റെതായ കണക്കുകൂട്ടലുകളും നിശ്ചയങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമി അടക്കി വാണിരുന്ന ദിനോസോറുകൾക്ക് വംശനാശം സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ മനുഷ്യനും അത്തരമൊരു വംശനാശത്തിന്റെ പാതയിലാണെന്നാണ് ഗവേഷകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആറാമത്തെ കൂട്ട വംശനാശം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനെത്തുടർന്ന് ശതകോടി ജീവനുകൾ പൊലിയും. ചുരുക്കി പറഞ്ഞാൽ ലോകത്തിന്റെ നിലനിൽപ് തന്നെ ആശങ്കയിലായിരിക്കുകയാണെന്ന് ചുരുക്കം.

സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എൻവയോൺമെന്റിലെ പ്രഫ. പോൾ എഹ്‌റിച്ചിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വംശനാശം സംഭവിക്കാൻ സാധ്യതയുള്ള സ്പീഷീസുകളുടെ പട്ടികയും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാം ആറാമത്തെ കൂട്ട വംശനാശത്തിലേക്ക് പ്രവേശിച്ച കഴിഞ്ഞതായി നിസംശയം പറയാമെന്നാണ് പ്രസ്തുത പഠനം സമർത്ഥിക്കുന്നത്. ജീവിവർഗങ്ങൾ സാധാരണയുള്ളതിനേക്കാൾ 100 ഇരട്ടി വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാമ ജേണൽസയൻസിൽ പ്രസിദ്ധീകരിച്ച പ്രസ്തുത പഠനം ചൂണ്ടിക്കാണിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കിൽ മനുഷ്യരടക്കമുള്ള വിവിധ ജീവിവർഗങ്ങൾ വിചാരിച്ചതിനേക്കാൾ നേരത്തെ തന്നെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരാകുമെന്നാണ് പഠനത്തിന്റെ മുഖ്യ ഓഥറായ ജെറാർഡൊ സെബല്ലൂസ് പറയുന്നത്.

ഫോസിൽ റെക്കോർഡുകൾ ഉപയോഗിച്ചാണ് കഴിഞ്ഞ കാലത്തെ വംശനാശത്തിന്റെ നിരക്കും ഇപ്പോഴുള്ള വംശനാശത്തിന്റെ നിരക്കും ഗവേഷകർ താരതമ്യം നടത്തിയത്. തൽഫലമായി ഇപ്പോഴുള്ള വംശനാശത്തിന്റെ വേഗം ഇതിന് മുമ്പുള്ളതിനേക്കാൾ ഇരട്ടി വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു. നട്ടെല്ലുള്ള ജീവികളുടെ ഫോസിൽ റെക്കോർഡുകളാണ് ഏറ്റവും വിശ്വസനീയവും പുതിയതുമായിട്ടുള്ളത്. അതിനാൽ അത്തരം ജീവിവർഗങ്ങളെ കേന്ദ്രീകരിച്ചാണീ പഠനം നടത്തിയത്. ഇത്തരം ജീവികളുടെ പഴയ ഫോസിൽ റെക്കോർഡുകൾ അടിസ്ഥാനപ്പെടുത്തി മുൻകാലങ്ങളിലെ വംശനാശനിരക്കും ഇപ്പോഴത്തെ വംശനാശനിരക്കും താരതമ്യം ചെയ്ത് പഠിക്കുകയായിരുന്നു ചെയ്തത്. നട്ടെല്ലുള്ള ജീവികളിൽ മനുഷ്യനടക്കമുള്ളവയുടെ വംശനാശം കഴിഞ്ഞ കാലത്തുള്ളതിനേക്കാൾ ഇരട്ടി വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ കണ്ടെത്തുകയും ചെയ്തു. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ആഗോളതലത്തിൽ മനുഷ്യരുടെ എണ്ണം പെരുകി വരുന്ന കാഴ്ചയാണുള്ളത്. മനുഷ്യർ അധികരിച്ചതിന്റെ ഫലമായി ഭൂമിയിലെ കൂടുതൽ കേന്ദ്രങ്ങൾ കൈയേറി മനുഷ്യൻ അധീശത്വം ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

പെർകാപിറ്റ ഉപഭോഗവും സാമ്പത്തിക അസമത്വവും വർധിച്ചതിനാൽ പ്രകൃതിപരമായ ആവാസവ്യവസ്ഥകളിലേക്ക് മനുഷ്യൻ കടന്ന് കയറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ഭൂമി വെട്ടിത്തെളിച്ച് കൃഷിക്കും വ്യവസായത്തിനും വേണ്ടി ഉപയോഗിക്കുന്നതും വർധിച്ച് കൊണ്ടിരിക്കുകയാണ്. വൻതോതിൽ പുറന്തള്ളിക്കൊണ്ടിരിക്കുന്ന കാർബൺ കാലാവസ്ഥയെ മാറ്റി മറിച്ച് ജീവിവർഗങ്ങളുടെ നിലനിൽപിന് പ്രശ്‌നമുണ്ടാക്കുന്നു. സമുദ്രത്തിൽ അമ്ലവൽക്കരണവും നടന്ന് കൊണ്ടിരിക്കുന്നു. പുറന്തള്ളപ്പെടുന്ന വിഷവസ്തുക്കൾ എക്കോസിസ്റ്റത്തെ വിഷമയമാക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ഇത്തരം പരിധിവിട്ട പ്രവർത്തനങ്ങൾക്കുള്ള പ്രത്യാഘാതമെന്നോണം ഭൂമിയിലെ സന്തുലനാവസ്ഥ നിലനിർത്താൻ പ്രകൃതി തന്നെ പോംവഴി കാണുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് മനുഷ്യരെ നശിപ്പിച്ച് പ്രകൃതി സന്തുലനാവസ്ഥ വീണ്ടെക്കാനുള്ളസാധ്യത വർധിച്ച് വരുകയാണ്. മനുഷ്യർക്കൊപ്പം മറ്റ് നിരവധി വർഗങ്ങളുടെയും നിലനിൽപ് ഇതിലൂടെ അവതാളത്തിലാകും. തൽഫലമായി 41 ശതമാനം ഉഭയജീവികളും 26 ശതമാനം സസ്തനികളും നിലനിൽപ് ഭീഷണി നേരിടുകയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പുരാതനകാലത്തുണ്ടായ അഞ്ച് ബൃഹത്തായ വംശനാശങ്ങൾ

ഇപ്പോൾ ഭൂമിയിൽ ആറാമത് കൂട്ട വംശനാശമാണ് സമാഗതമായിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ഇവിടെ ഇത്തരത്തിലുള്ള അഞ്ച് ബൃഹത്തായ വംശനാശങ്ങൾ അരങ്ങേറിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.

1. എൻഡ് ഓർഡോവിസിയൻ കൂട്ട വംശനാശം

440 മില്യൺ വർഷങ്ങൾക്ക് മുമ്പാണിത് സംഭവിച്ചത്. ഏറ്റവും ഭീകരമായ രണ്ടാമത്തെ വംശനാശവുമായിരുന്നു ഇത്. ഈ സമയത്ത് കടലിലെ ഏകദേശം 85 ശതമാനം ജീവിവർഗങ്ങളും ഇല്ലാതായിരുന്നു.

2. ലേറ്റ് ഡെവോനിയൻ കൂട്ട വംശനാശം

375 മുതൽ 359 മില്യൺ വർഷങ്ങൾക്ക് മുമ്പാണിത് സംഭവിച്ചത്. കാലാവസ്ഥയിലുണ്ടായ വമ്പൻ മാറ്റങ്ങൾ മൂലം ഇക്കാലത്ത് പ്രധാനപ്പെട്ട മത്സ്യവർഗങ്ങൾ നശിക്കുകയും കടൽപ്പാറകൾ രൂപപ്പെടുകയും ചെയ്തു.

3. എൻഡ് പെർമിയൻ കൂട്ട വംശനാശം

ലോകത്തിലുണ്ടായ ഏറ്റവും വലിയ വംശനാശമായിരുന്നു ഇത്. ഇത് ഭൂമിയിലെ ആവാസവ്യവസ്ഥയെ മൊത്തത്തിൽ മാറ്റിമറിക്കുകയായിരുന്നു. 252 മില്യൺ വർഷങ്ങൾക്ക് മുമ്പാണിത് സംഭവിക്കുന്നത്.97 ശതമാനം ജീവിവർഗങ്ങളും അന്നില്ലാതാവുകയായിരുന്നു.

4.എൻഡ് ട്രിയാസിക് കൂട്ട വംശനാശം

ട്രിയാസിക് കാലത്തിന്റെ ആദ്യമാണ് ദിനോസറുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അക്കാലത്ത് വലിയ ഉഭയജീവികളും ഉരഗങ്ങളുമായിരുന്നു ഭൂമിയിലെ രാജാക്കന്മാർ.എന്നാൽ 201 മില്യൺ വർഷങ്ങൾക്ക് മുമ്പുണ്ടായ വംശനാശത്തിലൂടെ ആ സ്ഥിതിക്ക് മാറ്റം വരുകയായിരുന്നു.

5. എൻഡ് ക്രിറ്റാഷ്യസ് കൂട്ട വംശനാശം

66 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭീമൻ ഉൽക്കാശില ഭൂമിയിലേക്ക് വീണതിനെ തുടർന്ന് ദിനോസറുകൾക്ക് വംശനാശമുണ്ടായി.