വിയന്ന: മഞ്ഞുവീഴ്ചയെ തുടർന്ന് റോഡുകളിൽ മഞ്ഞുപാളികൾ കിടന്നതും കാഴ്ച മങ്ങിയതുമെല്ലാം വാഹനങ്ങളുടെ കൂട്ടിയിടിക്ക് കാരണമായി. ഓസ്ട്രിയയിലെ ഒരു ഹൈവേയിലുണ്ടായ അപകടത്തിൽ തകർന്നത് 60 ഓളം കാറുകളാണ്. റോഡിന്റെ ഇരുഭാഗങ്ങളിൽ നിന്നുമുള്ള കാറുകൾ ഒന്നിനു മേലെ മറ്റൊന്നായി വന്നിടിക്കുകയായിരുന്നു.

വെസ്റ്റ് ഓട്ടോബാനിലാണ് 60 കാറുകൾ ഉൾപ്പെട്ട കൂട്ടിയിടി നടക്കുന്നത്. മൂടൽ മഞ്ഞ് നിറഞ്ഞ റോഡിൽ ഡ്രൈവർമാർക്ക് കാഴ്ച മങ്ങിയതും റോഡു നിറയെ മഞ്ഞുപാളികൾ കിടന്നതുമാണ് കാറുകൾ കൂട്ടിയിടിക്കാൻ കാരണമാണത്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ ഇരുഭാഗങ്ങളിൽ നിന്നും വന്ന വാഹനങ്ങൾ ഒന്നിനു മേൽ മറ്റൊന്നായി ഇടിക്കുകയായിരുന്നു.
ആദ്യ കൂട്ടിയിടി ഉണ്ടായപ്പോൾ തന്നെ എമർജൻസി വിഭാഗത്തെ അറിയിച്ചുവെങ്കിലും പിന്നാലെ അമിത വേഗത്തിലെത്തിയ കാറുകൾ ഓരോന്നായി വന്നിടിക്കുകയായിരുന്നു. കാറുകളുടെ അമിത വേഗതയും മൂടൽ മഞ്ഞിൽ വാഹനങ്ങൾ ഇടിച്ചു കിടക്കുന്നത് കാണാൻ സാധിക്കാത്തതും അപകടത്തിന്റെ തോത് വർധിപ്പിക്കുകയായിരുന്നു.

അപകടത്തിൽ മൂന്നു പേർക്കു മാത്രമേ പരിക്കേറ്റുള്ളൂ. അതേസമയം കാറുകളിൽ അപകടം പറ്റി ആരും കുടുങ്ങിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെത്തുടർന്ന് എ-ഒന്നിൽ ഗതാഗതം ഏതാനും മണിക്കൂറുകൾ മുടങ്ങിയിരുന്നു. എമർജൻസി സർവീസ് എത്തിയാണ് അപകടത്തിൽ പെട്ട വാഹനങ്ങളും അവശിഷ്ടങ്ങളും മാറ്റി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.