കൊല്ലം: കൊല്ലം ചിന്നക്കടയിൽ ഞായറാഴ്ച രാത്രിയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പെങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോയി താമസിപ്പിച്ചതിനെ തുടർന്ന് അമ്മാവനുള്ള പ്രതികാരം. സഹോദരിയുടെ മകളെ രണ്ടാഴ്ചയോളം ഒപ്പം താമസിപ്പിച്ച ഓട്ടോഡ്രൈവറൈ ക്വട്ടേഷൻ ഗുണ്ടകളെ അയച്ച് കൊലപ്പെടുത്തുകയായിരുന്നു അമ്മാവൻ. ഇതു സംബന്ധിച്ച് ഒരു മാസമായി ജോനകപ്പുറം ചന്ദനയഴികത്ത് സിയാദും പ്രതികളുമായി സംഘർഷത്തിലായിരുന്നു. ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.

പെങ്ങളുടെ മകളെ രണ്ടാഴ്ചയോളം ഒപ്പം താമസിപ്പിച്ച ഓട്ടോഡ്രൈവറോടുള്ള പകയാണ് ഇതിന് കാരണം. അവിവാഹിതനായ സിയാദ് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് മുമ്പേ തുടങ്ങിതായിരുന്നു ബന്ധം. വിവാഹ ശേഷവും തുടർന്നു. ഇക്കാര്യത്തിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി പ്രവാസിയായ യുവാവ് ഇരവിപുരത്തേക്ക് താമസം മാറി. ഇതിന് ശേഷവും പ്രണയം തുടർന്നു. ഒരിക്കൽ യുവതി സിയാദിനൊപ്പം ഇറങ്ങിപ്പോകുകയും രണ്ടാഴ്ച ഒപ്പം താമസിക്കുകയും ചെയ്തിരുന്നു. ഇതോടെ ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തി. ഭർത്താവും ബന്ധുക്കളും എത്തി യുവതിയെ തിരികെ പിടിച്ചുകൊണ്ടു പോരുകയും കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നിട്ടും യുവതി സിയാദുമായി ബന്ധം തുടർന്നു. അമ്മാവനും സുഹൃത്തുക്കളും സിയാദിനോട് മരുമകളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഫലം കണ്ടില്ല.

അതിന് ശേഷവും ബന്ധം തുടരുകയും ചെയ്ത സാഹചര്യത്തിൽ ബന്ധുക്കൾ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി കൊല ചെയ്തെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിയുടെ അമ്മാവൻ ഉൾപ്പെടെ പത്തു പേർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനെ പ്രതിചേർത്തിട്ടുമില്ല. ഇപ്പോൾ നാട്ടിലുള്ള ഭർത്താവിന് കൊലയിൽ പങ്കില്ലെന്നാണ് പൊലീസ് ഭാഷ്യം. ഒളിച്ചോട്ടവും മറ്റുമായി ബന്ധപ്പെട്ട് സിയാദും പെൺകുട്ടിയുടെ അമ്മാവനും തമ്മിൽ നിരന്തരം സംഘർഷത്തിലായിരുന്നു. കഴിഞ്ഞ ആഴ്ചയും ഇതിന്റെ പേരിൽ അടിപിടിയും നടന്നു. ഈ വൈരാഗ്യമാണ് സിയാദിനെ കൊല്ലാൻ അമ്മാവനേയും സംഘത്തേയും പ്രേരിപ്പിച്ചത്. കേസിലെ ഗൂഡാലോചകനായ അമ്മാവനെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാൾ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച അർദ്ധരാത്രിയിൽ ചിന്നക്കടയിൽ വച്ചായിരുന്നു സിയാദിനെ കൊലപ്പെടുത്തിയത്. ഓട്ടം കഴിഞ്ഞ് മടങ്ങവേ രാത്രി 12.30 ന് ചിന്നക്കട ഉഷ തീയറ്റർ ജംഗ്ഷനിൽ വെച്ച് രണ്ട് ആഡംബര ബൈക്കുകളിലായി അക്രമി സംഘം പിന്തുടരുകയും വെട്ടുകയും കുത്തുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഓടിയ സിയാദ് മഹാറാണി മാർക്കറ്റ് ഭാഗത്തേക്ക് ഓട്ടോ ഓടിക്കുകയും വാഹനം നിയന്ത്രണം വിട്ടു മറിയുകയും ചെയ്തതോടെ പിന്നാലെ എത്തിയവർ അവിടെയിട്ട് മരണം ഉറപ്പാക്കുന്ന വിധത്തിൽ വീണ്ടും ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിന് സമീപമുള്ള പൂക്കടയിൽ ഉണ്ടായിരുന്ന രണ്ടുപേർ ഓട്ടോ മറിയുന്നതും ഓട്ടോയ്ക്ക പുറത്ത് ചോര വാർന്ന നിലയിൽ സിയാദിനെ കാണുകയും ചെയ്തതോടെ പൊലീസിനെ വിവരം അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചു.

അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ബീച്ച് റോഡിൽ നിന്നും സിയാദിന്റെ ഓട്ടോയെ ബൈക്കുകൾ പിന്തുടരുന്നതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പിന്നീട് ഈ ബൈക്കുകൾ തന്നെ മഹാറാണി മാർക്കറ്റിൽ നിന്നും സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്ത് നിന്നും പോയതായും പൊലീസ് കണ്ടെത്തി.

നഗത്തിലെ ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ അംഗമായ സിയാദിന്റെ കഴുത്തിന് പിന്നിൽ വെട്ടും കുത്തുമേറ്റതിനെ തുടർന്നുണ്ടായ രക്തസ്രാവം ആയിരുന്നു മരണകാരണം. ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകർന്നു. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്ത നിന്നും ഹോക്കി സ്റ്റിക്കും മൊബൈൽഫോണും പഴ്സും പൊലീസ് കണ്ടെത്തിയിരുന്നു. അവിഹിതബന്ധവുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളിൽ നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.

ജയിലിലായ ഗുണ്ടാത്തലവന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് കിളികൊല്ലൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട്ടിൽ കുഴിച്ചുമൂടിയ സംഭവം അടുത്തിടെയുണ്ടായി.