ടോക്കിയോ: ഒളിമ്പിക്‌സിൽ വനിതാ ഹോക്കി ടീം ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പരിശീലകൻ സ്യോർദ് മാരിൻ രാജിവച്ചു. ബ്രിട്ടനുമായുള്ള വെങ്കല മെഡൽ പോരാട്ടമായിരുന്നു ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരമെന്ന് മാരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനിക്ക് ടീമുമായി ബന്ധപ്പെട്ട് ഭാവി പരിപാടികളൊന്നുമില്ല. ഇത് തന്റെ അവസാന മത്സരമായിരുന്നു- വെർച്വൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. മാരിനെ നിലനിർത്താൻ ഇന്ത്യ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം നിരസിച്ചതായാണ് അറിയുന്നത്.

2017ലാണ് ഡച്ചുകാരനായ മാരിൻ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായത്. ഹോക്കി ഇന്ത്യ പിന്നീട് അദ്ദേഹത്തോട് പുരുഷ ടീമിന്റെ പരിശീലകനാവാൻ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ചുകാലം ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനുമായി. 2018ലെ കോമൺവെൽത്ത് ഗെയിംസിനുശേഷം വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തി.