തിരുവനന്തപുരം: ലക്ഷ്യസ്ഥാനത്തേക്ക് മൂന്നുനാൾ യാത്ര ബാക്കി നിൽക്കെ അനസ് ഹജാസ് ഒന്നുംപറയാതെ വിടവാങ്ങി. കാത്തിരിപ്പോ, പദ്ധതികളോ ഇല്ലാതെ തുടങ്ങിയ യാത്ര കശ്മീരിൽ എത്തും മുമ്പേ അവസാനിച്ചു. സ്‌കേറ്റ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു. യാത്രക്കിടെ 31 കാരനെ ട്രക്കിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലിചെയ്തിരുന്നു.

2022 മെയ്‌ 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്‌കേറ്റ് ബോർഡിൽ മധുര, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.

സ്‌കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരമത്രയും സ്‌കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്.

സൗദി പ്രവാസിയായ അലിയാർകുഞ്ഞാണ് അനസിന്റെ പിതാവ്. മാതാവ്: ഷൈലാബീവി. സഹോദരങ്ങൾ: അജിംഷാ (ഇമാം, വെഞ്ഞാറമൂട്), സുമയ്യ (ഫാർമസിസ്റ്റ്).

സ്വയം പരിശീലിച്ച് വിദഗ്ധനായി

ആരുടെയും സഹായം തേടുന്ന സ്വഭാവം പൊതുവെയില്ല അനസിന്. സ്‌കേറ്റിങ് ബോർഡ് സ്വന്തമാക്കിയത് മൂന്നുവർഷം മുമ്പാണ്. സ്വന്തമായി പരിശീലനം നടത്തിയാണ് സ്‌കേറ്റിങ് ബോർഡിൽ യാത്ര തുടങ്ങിയത്. യൂട്യൂബിന്റെ സഹായവും ഉണ്ടയിരുന്നു. ബോർഡിൽ ശരീരം ബാലൻസ് ചെയ്യാൻ ഒരുവർഷത്തോളമെടുത്തു. നാട്ടിലെ നിരപ്പായ റോഡുകളിൽ രാവിലെയും വൈകീട്ടും പരിശീലിച്ചുവെന്നും അനസ് പറഞ്ഞിരുന്നു.

ഭാരങ്ങളില്ലാതെ തൂവൽ പോലെ..

മാസങ്ങളുടെ തയ്യാറെടുപ്പിലൊന്നും അനസ് വിശ്വസിച്ചിരുന്നില്ല. കശ്മീർ ലക്ഷ്യമാക്കി ഒരു സുപ്രഭാതത്തിൽ അനസ് ഹജാസ് യാത്ര പുറപ്പെട്ടു. യാത്ര പുറപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ഈ ആലോചന തന്നെ വന്നത്. രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമറ്റും എടുത്ത് വീട്ടുകാരോട് യാത്ര പറഞ്ഞ് സുഹൃത്തിനൊപ്പം കന്യാകുമാരിയിലേക്ക് തിരിച്ചു. കൈയിൽ കുടിവെള്ളക്കുപ്പി പോലും സൂക്ഷിച്ചില്ല. ബാഗിന്റെ ഭാരം കൂടിയാൽ സ്‌കേറ്റിങ് ബോർഡിന്റെ ചലനത്തെ ബാധിക്കുമെന്നായിരുന്നു ആശങ്ക.

കന്യാകുമാരിയിൽനിന്നുള്ള യാത്രയുടെ ആരംഭ ആവേശത്തിൽ ദിവസവും 100 കി.മീ. വരെ യാത്ര ചെയ്തിരുന്നു. കൂടുതൽനേരം ബോർഡിൽ നിൽക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഉപദേശത്തിൽ പിന്നീട് ദൂരം കുറച്ചാണ് യാത്ര തുടർന്നത്. ഒരുദിവസം യാത്ര ചെയ്യുന്ന ദൂരം പിന്നീട് 30 കി.മീ. ആയി കുറച്ചു. കശ്മീർ യാത്ര പൂർത്തിയാക്കിയാൽ ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ രാജ്യങ്ങളിലേക്ക് സ്‌കേറ്റിങ് ബോർഡിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം അനസ് ചങ്ങാതിമാരോട് പങ്കിട്ടിരുന്നു.

 
 
 
View this post on Instagram

A post shared by Anas Hajas (@anas_hajas)