വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്ന പ്രാകൃത ചിന്തകളും ആചാരങ്ങളും പുറത്തുകൊണ്ടു വരുന്നതാണ് റോമിൽ നിന്നും അടുത്തിടെ കണ്ടെത്തിയ മൃതദ്ദേഹാവശിഷ്ടങ്ങൾ. ഇവിടെ നിന്നും കണ്ടെടുത്ത പത്തു വയസുകാരന്റെ അടക്കം ചെയ്തിരിക്കുന്ന രീതി കണ്ട് ഗവേഷകർ ശരിക്കും ഞെട്ടിയിരുന്നു. റോമിൽ നിന്നും അരുപത് കിലോമീറ്റർ അകലെ നിന്നുമാണ് പത്തു വയസുകാരന്റെത് എന്ന് തോന്നിക്കും വിധമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഇത് 1500 വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്ത മൃതദ്ദേഹമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. മരിച്ചയാളുകളോടുള്ള ഭയം നിമിത്തമുള്ള വിചിത്രമായ ആചാരങ്ങളിലേക്ക് നയിക്കപ്പെട്ട ഒരു ജനതയുടെ ശേഷിപ്പാണിതെന്നാണ് ഗവേഷകർ പറയുന്നത്.

വായയ്ക്കുള്ളിൽ കല്ല് തിരുകി അടച്ച നിലയിലായിരുന്നു തലയോട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടത്. വലിയൊരു ചുണ്ണാമ്പു കല്ല് വച്ച് അടച്ച നിലയിലായിരുന്നു മൃതദേഹത്തിന്റെ തലയുണ്ടായിരുന്നത്. ചുണ്ണാമ്പു കല്ലിൽ കുട്ടിയുടെ പല്ലിന്റെ അടയാളങ്ങളും വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ പഴക്കത്തെക്കുറിച്ചോ അതിന്റെ ചരിത്രത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങളില്ല. എന്നാൽ മരിച്ചത് രണ്ട് കുട്ടികളാണെന്നാണ് നിഗമനം. അതേസമയം, അത് ആൺകുട്ടിയാണോ പെൺകുട്ടിയാണോയെന്ന നിഗമനങ്ങളിലും കൃത്യതയില്ല.മലേറിയ പോലുള്ള പകർച്ചവ്യാധികൾ ബാധിച്ച് മരിച്ച കുട്ടിയെയാവാം ഇത്തരത്തിൽ സംസ്‌കരിച്ചതെന്നാണ് അരിസോണ സർവ്വകലാശാലയിലെ ഗവേഷകനായ ജോർദാൻ വിൽസൺ വിശദമാക്കുന്നത്.

കുട്ടികളുടേത് മാത്രമായ നിരവധി മൃതദേഹാവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തുള്ള കുട്ടികളുടെ ശ്മശാനമാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മാറാവ്യാധി ബാധിച്ചവർ, സാംക്രമിക രോഗങ്ങൾ പിടിപ്പെട്ടവർ ഇത്തരക്കാരെയാണ് ക്രൂരമായ ആചാരത്തിന് പാത്രമാക്കുന്നത്. അസുഖങ്ങൾ ബാധിച്ച് മരിച്ചവർ ദുരന്തം പടർത്താതിരിക്കാനാണത്രേ ആദ്യ കാലങ്ങളിൽ ഇത്തരം ശവസംസ്‌കാര രീതിയെന്നും ഗവേഷകർ വിശദമാക്കുന്നു.മരണത്തിൽ നിന്ന് എഴുന്നേറ്റ് വരാതിരിക്കാനായി കുട്ടിയുടെ പാദങ്ങൾ മൃതദേഹത്തിൽ നിന്ന് വേർപെടുത്തിയ സംഭവത്തിന്റെ തെളിവുകളും മുമ്പ് ലഭിച്ചിട്ടുണ്ട്.

1987ൽ സൈപ്രസിലാണ് ഇതിന് സമാനമായ ഒരു ശ്മശാനം കണ്ടെത്തിയതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. കാൽ പാദങ്ങൾ തകർക്കാൻ കല്ലു പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണെന്നും ഗവേഷകർ വിശദമാക്കുന്നുണ്ട്. ചില ഭക്ഷണ രീതികളും മലിന ജലത്തിന്റെ ഉപയോഗം നിമിത്തവും ആ കാലഘട്ടങ്ങളിൽ മലേറിയ പോലുള്ള അസുഖങ്ങൾ പടരാനുള്ള സാധ്യതകൾ ഏറെയുണ്ടായിരുന്നതായാണ് ഗവേഷകർ വിശദമാക്കുന്നത്. അസുഖങ്ങൾ ബാധിച്ച് മരിക്കുന്നവരെ സംസ്‌ക്കരിക്കുന്ന പ്രത്യേക രീതിയായ വാംപയർ സംസ്‌കാര രീതിയുടെ ശേഷിപ്പുകളാണ് ഇതെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.