- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊള്ളൽ ചികിത്സയിൽ വിപ്ലവമാകനൊരുങ്ങി ത്വക്ദാനം; സംസ്ഥാനത്തെ ആദ്യത്തെ ത്വക് ബാങ്ക് യാഥാർത്ഥ്യമാവുക കോട്ടയം മെഡിക്കൽ കോളേജിൽ; അറിയാം ത്വക് ദാനത്തിന്റെ സവിശേഷതകൾ
കോട്ടയം: അവയവദാനങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർധിച്ച് വരികയാണ്. ഇപ്പോഴിത അവയവ ദാനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ദാനം വലിയ മാറ്റങ്ങൾക്ക് തന്നെ വഴിവെക്കാൻ ഒരുങ്ങുന്നു. ത്വക്ക് ദാനമാണ് ആരോഗ്യ രംഗത്ത് വിപ്ലവം കുറിക്കാനൊരുങ്ങുന്നത്.
മരണാനന്തരം കണ്ണുദാനം ചെയ്യുന്നതുപോലെയാണ് ത്വക്ദാനവും. കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് ആദ്യമായി ത്വക് ബാങ്ക് വരുമ്പോൾ പൊള്ളൽ ചികിത്സയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും.
പൊള്ളലേറ്റവർക്കാണ് പ്രധാനമായും ത്വക്ക് ദാനത്തിന്റെ ഗുണം ഉണ്ടാവുക.പൊള്ളലേറ്റവരിൽ ത്വക്ക് നഷ്ടപ്പെട്ടത് അണുബാധയ്ക്കും മരണത്തിനും കാരണമായേക്കാം. ഇതിനുള്ള പ്രതിവിധി ത്വക്ക് മാറ്റിവെക്കുക എന്നതാണ്. വലിയ പരിക്കുകളുള്ളവർക്കും ത്വക്ക് ആവശ്യമായി വരുന്നു.നിലവിൽ രോഗിയുടെ ശരീരത്തിൽനിന്നുതന്നെ ത്വക്കെടുത്ത് മറ്റു ഭാഗങ്ങളിൽ വെക്കുന്ന ശസ്ത്രക്രിയ നടക്കുന്നുണ്ട്. സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങൾ ചേർന്നാണ് ഇത് ചെയ്യുന്നത്.
എന്നാല് ത്വക്ക് ദാനം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രതിസന്ധിക്ക് വലിയ അളവിൽ പരിഹാരമാകും.ത്വക്ദാനം എങ്ങനെ, അതിന്റെ വിശദാംശം എന്ത് എന്നിവയെക്കുറിച്ചറിയാം
ത്വക്ക് ദാനം
*മസ്തിഷ്ക മരണവും സാധാരണ മരണവും സംഭവിച്ചവരുടെ ത്വക്ക് നൽകാം
* ലിംഗ, രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ 18 വയസ്സിനു മുകളിലുള്ള ആരുടെയും ത്വക്ക് എടുക്കാം
* എയിഡ്സ്, മഞ്ഞപ്പിത്തം, കാൻസർ തുടങ്ങിയ രോഗബാധിതരുടെ ത്വക്ക് നൽകാൻപാടില്ല
* പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ത്വക് ദാനത്തിന് തടസ്സമല്ല
* കാലുകൾ, ചിലരിൽ പുറം എന്നിവിടങ്ങളിലെ ത്വക്കാണ് എടുക്കുക. ശരീരത്തിലെ മൊത്തം ത്വക്കിന്റെ എട്ടിലൊന്ന് ഭാഗമാണ് എടുക്കുക
* മരണം സംഭവിച്ച് എട്ടുമണിക്കൂറിനുള്ളിൽ ത്വക്ക് ദാനം നടക്കണം
*നേത്രദാനംപോലെ ആശുപത്രിയിൽവെച്ചും വിദഗ്ധസംഘം മരണപ്പെട്ടയാളുടെ വീട്ടിലെത്തിയും ത്വക്ക് ശേഖരിക്കും
* ത്വക്ക് ശേഖരിക്കുന്നതിന് പരമാവധി 45 മിനിറ്റാണ് വേണ്ടിവരുക
* അഞ്ചുവർഷംവരെ ത്വക്ക് സൂക്ഷിക്കാൻ സാധിക്കും
*ത്വക്കിന്റെ എപ്പിഡെർമിസ് എന്ന നേർത്ത ഭാഗമാണ് ശേഖരിക്കുന്നത്. ഇതിനാൽ രക്തംവരില്ല
* എടുക്കുന്ന ത്വക്ക് രാസവസ്തുവിൽ ഒരുമണിക്കൂർനേരം കഴുകും. ഇത് ശീതീകരിച്ച് സൂക്ഷിക്കും
മറുനാടന് മലയാളി ബ്യൂറോ