കോഴിക്കോട്: സാമുദായിക വിഷയങ്ങളിൽ സത്യസന്ധമായി ഇടപെടുന്നവർക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയർത്തുന്നത് സമുദായം തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീർത്തിപ്പെടുത്തുന്നത് നോക്കി നിൽക്കാനാവില്ല.

ഇത്തരക്കാരെ പുറത്തുകൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു.സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകരിച്ചുമാണ് സംഘടനാ പ്രവർത്തകർ മുന്നോട്ട് പോവുന്നത്. അതിൽ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചൂണ്ടിക്കാട്ടി.

യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണൻന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീർ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിർ ഹുദവി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.