- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതപ്പുഴയിൽ തലയോട്ടിയും എല്ലുകൾ മുണ്ടിൽ പൊതിഞ്ഞ നിലയിലും കണ്ടെത്തി; ചമ്രവട്ടം പാലത്തിന് അടുത്ത് കണ്ടെത്തിയത് ഒരുവർഷം പഴക്കം ചെന്ന മൃതദേഹമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; ഇടുപ്പെല്ലിന് സ്റ്റീൽ ഇട്ടത് കൂടി ശ്രദ്ധയിൽ പെട്ടതോടെ പഴുതടച്ചുള്ള അന്വേഷണം
മലപ്പുറം: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിനടുത്ത് തലയോട്ടിയും എല്ലുകൾ മുണ്ടിൽ പൊതിഞ്ഞു നിലയിലും കണ്ടെത്തി.ഒരുവർഷം പഴക്കംചെന്ന മൃതദേഹമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാരതപ്പുഴയിൽ മരിച്ചവരുടെ മൃതദേഹ അവശിഷ്ടമോ, കൊലപാതകമോ എന്ന് സംശയിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വിശദ പരിശോധനക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഭാരതപ്പുഴയിൽ നരിപ്പറമ്പിൽ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്ത് നിന്നും മനുഷ്യ മൃതദേഹത്തിന്റെ എല്ലുകൾ കണ്ടെത്തിയത്. കലുങ്കിനോട് ചേർന്ന് പായലും, ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകൾ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുപ്പെലിന് സ്റ്റീൽ ഇട്ട തരത്തിലാണ് എല്ലുകൾ ലഭിച്ചത്.ഏകദേശം ഒരു വർഷത്തെ പഴക്കമുള്ള എല്ലുകളാണെന്നാണ് പ്രാഥമിക നിഗമനം. സ്റ്റീൽ കൂടി എല്ലിനൊപ്പം ലഭിച്ചതിനാൽ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഭാരതപ്പുഴയിൽ മരിച്ചവരുടെ മൃതദേഹ അവശിഷ്ടമോ, കൊലപാതകമോ എന്ന സംശയത്തിലാണ് പൊലീസ്. പുഴയിൽ നിന്നും ലഭിച്ച എല്ലുകൾ വിശദ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.