ഭൂഗുരുത്വത്തെ  പ്രയോജനപ്പെടുത്തിയാണ് സ്‌ക്കൈഡൈവിങ് ചെയ്യുന്നത്. ഭൂമിയുടെ ഉയർന്ന ഒരു പോയിന്റിൽ നിന്ന് പാരച്യൂട്ട് ഘടിപ്പിച്ച് താഴേയ്ക്ക് ചാടുന്നു. പാരച്യൂട്ട് ഉയർത്തും വരെ ഭൂമിയിലേയ്ക്ക് അതിവേഗത്തിൽ പതിക്കുകയാണ്. ഈ ഫ്രീ ഫോളിംഗിന്റെ ആനന്ദമാണ് സ്‌ക്കൈഡൈവിംഗിന്റെ ത്രിൽ. ഒരു പക്ഷിയുടെ ലാഘവത്തോടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന അനുഭവം. പാരച്യൂട്ട് ഉയർത്തുന്ന നിശ്ചിത ഉയരത്തിലെത്തും വരെ ഈ ഫീൽ അനുഭവിക്കാം.

മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയാണ് അൻവർ ബാദുഷ. പഠിച്ച തൊഴിൽ കംപ്യൂട്ടർ പ്രോഗ്രാമിങ്. കുറച്ചു കാലം തിരുവനന്തപുരം ടെക്‌നോപാർക്കിൽ സോഫ്‌റ്റെ് വയർ കമ്പനിയിൽ ജോലിനോക്കി. ഇപ്പോൾ കോട്ടയ്ക്കലിൽ സ്വന്തമായി മൊബൈൽ ഷോപ്പു നടത്തുന്നു. പറക്കുന്ന മനുഷ്യരോടുള്ള ആരാധനയാണ് അൻവറിനെ സ്‌ക്കൈഡൈവിങ് എന്ന സ്വപ്‌നത്തിൽ എത്തിച്ചത്. സിനിമാ താരങ്ങളും മറ്റു സെലിബ്രിറ്റികളും ഇത്തരത്തിൽ പറക്കുന്നതു കണ്ടപ്പോൾ ആഗ്രഹം അതിതീവ്രവമായി. ഇതിനു മുന്നോടിയായി ഇടുക്കിയിൽ എത്തി
പാരാഗ്‌ളൈഡിങ് നടത്തി. ഇനി അൻവർ ബാദുഷയുടെ വാക്കുകളിലേയ്ക്ക്

2017 കടന്നു പോകുമ്പോൾ ഓർമകളിൽ എന്നും മായാതെ നിൽക്കുന്ന ഒരു സാഹസിക അനുഭവം ഇവിടെ നിങ്ങളോടെല്ലാം പങ്കു വെക്കണം എന്നു തോന്നിപ്പോയി.. ഈ കഴിഞ്ഞ ഡിസംബർ 11ന് ആണ് എന്റെ ചിന്തകളേയും മനോബലത്തേയും മാറ്റിമറിച്ച ആ ഒരു സാഹസവിനോദം നടന്നത്.

ഡിസംബർ നാലിന് ആണ് ഞാൻ ഫസ്റ്റ് ബുക്ക് ചെയ്തത് അന്ന് 'BAD WEATHER' എന്ന് പറഞ്ഞ് Date മാറ്റി . വീണ്ടും ഒമ്പതിന് കിട്ടി അന്നും 'BAD WEATHER ' എന്ന് പറഞ്ഞ് Date മാറ്റി . അങ്ങനെ അവസാനം 11 ന് ഡേറ്റ് കിട്ടി.

2000 AED ആണ് ഒരു ഡൈവിനു മാത്രം ചെലവ് (ഏകദേശം 37,000 രൂപ). കൂടെ വിസ, ടിക്കറ്റ് വേറെ. കുറച്ചു 'നന്നായി' കയ്യിൽ നിന്ന് പോകും എന്നർത്ഥം...! അവരുടെ സൈറ്റിൽ കയറി അവൈലബ്ൾ ദിവസവും സമയവും നോക്കി മിനിമം ഒരു മാസം മുമ്പേ എങ്കിലും ഓൺലൈൻ ആയി സ്ലോട്ട് ബുക്ക് ചെയ്യണം. പകുതി പണവും അടക്കണം. കാലാവസ്ഥ കാരണം ജമ്പ് മുടങ്ങിയാൽ മാത്രമേ ആ പണം റീ ഫണ്ട് കിട്ടൂ. നമ്മൾ സമയത്ത് പോകാതിരുന്നാലോ ആരോഗ്യ കാരണങ്ങളോ കൊണ്ട് ജമ്പ് നഷ്ടമായാൽ പണം പോയത് തന്നെ. നമുക്ക് പകരം വേറൊരാൾക്ക് സ്ലോട്ട് ട്രാന്‌സ്ഫർ ചെയ്യാനും പറ്റില്ല. ഒരു തരത്തിൽ പറഞ്ഞാൽ രണ്ടും മൂന്നും കല്പിച്ചു മാത്രമേ ബുക്ക് ചെയ്യാൻ നില്ക്കാവൂ.. (സ്വപ്‌നങ്ങൾക്ക് പ്രൈസ് ടാഗ് ഇല്ലല്ലോ.. സൊ. ഞാൻ ആ മൂന്നും കല്പിച്ചു.)

കാത്തിരിപ്പിനൊടുവിൽ ആ ദിനം വന്നു. ദുബായ് സ്‌കൈഡൈവ് കേന്ദ്രത്തിൽ എത്തി പ്രവേശനം ഉറപ്പു വരുത്തി.

അവിടുത്തെ കാഴ്‌ച്ചകൾ ഹൃദയമിടിപ്പിന്റെ താളം കൂട്ടികൊണ്ടിരുന്നു.. ഓരോ 15 മിനിറ്റിലും ആകാശത്തിലേക്ക് ഉയരുന്ന ചെറുവിമാനം, ആകാശ ഉയരങ്ങളിൽ നിന്നും തുമ്പികളെ പോലെ പറന്നിറങ്ങുന്ന സാഹസികർ.. എല്ലാം ഒരു വിസ്മയം പോലെ തോന്നി..

കാത്തിരിപ്പിനൊടുവിൽ എന്റെ പേര് വിളിച്ചത് കേട്ട് എന്റെ പാർട്ട്‌നർ പ്രൊഫഷ്ണൽ സ്‌കൈ ഡൈവറുടെ അരികിൽ ചെന്നു. അദ്ദേഹം എന്നെ സേഫ്റ്റി ബെൽറ്റ് ധരിപ്പിച്ചു അതിനു ശേഷം ചാടുന്നതിനുള്ള ഉപദേശങ്ങൾ നൽകി എന്നെ സജ്ജനാക്കി.

ഞങ്ങൾ വിമാനത്തിൽ കയറി ഹൃദയമിടിപ്പുകൾ കൂടികൊണ്ടിരുന്നു. അതു വരെ ഉണ്ടായിരുന്ന ചിരി എന്നിൽ നിന്നും ഇല്ലാതായികൊണ്ടിരുന്നു ഉയരങ്ങൾ താണ്ടും തോറും.. വിമാനത്തിലെ ആദ്യത്തെ ഊഴം എന്റെ ആയിരുന്നു.. വിമാനം 20000 അടി എത്തിയപ്പോ... ചാടാൻ റെഡി അല്ലെ എന്ന പാർട്ട്‌നറുടെ ചോദ്യം എന്നെ ഒരു നിമിഷം കൊണ്ട് ചിന്തകളെ മറ്റേതോ ഒരു തലത്തിലേക്ക് എത്തിച്ചു.. വിമാന കവാടത്തിൽ നിന്നു താഴേക്ക് നോക്കുമ്പോൾ മേഘപാളികൾ മാത്രം കാണാം...

ഭയവും ആത്മൈധര്യവും ചേർന്നുള്ള മൽപ്പിടുത്തം മുറുകി കൊണ്ടിരിക്കവെ.. ഞങ്ങൾ വിമാനത്തിൽ നിന്നും മേഘങ്ങളിലേ ആഴങ്ങളിലേക്ക് കുതിച്ചു.. ഞൻ ഇത് എവിടെയാണ് എന്താണ് ഈ അവസ്ഥ എന്ന തിരിച്ചറിവിലേക്ക് എത്താൻ കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു... തിരിച്ചറിഞ്ഞ നിമിഷം രാജ്യം കീഴടക്കിയ പോരാളിയുടെ മാനസ്സികാവസ്ഥ ആയിരുന്നു. അലറി വിളിച്ചു ആകാശത്തിൽ ... ഭൂമിയിൽ ഉള്ളതെല്ലാം എന്നെക്കാളും ചെറുതായിരുന്നു ആ നിമിഷങ്ങളിൽ.. ഭയം എന്ന വികാരം ഇല്ലാതായിരിക്കുന്നു... പരുന്തിനെ പോലെ ആകാശത്തു വട്ടമിട്ടു പറക്കുന്നു ഞാൻ..

15 മിനിറ്റിൽ ഞങ്ങൾ ഭൂമിയെ സ്പർശിച്ചു സുരക്ഷിതരായി. മനസ്സു മുഴുവൻ ഒരു പോസറ്റീവ് എനർജി നിറഞ്ഞിരിക്കുന്നു ... ഒന്നിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസം.. ഇനിയും ഒരുപാട് ഈ ജീവിതത്തിൽ ചെയ്തു തീർക്കാൻ ഉണ്ട്.. ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാൻ ഉണ്ട്..

ഭയം കീഴ്‌പ്പെടുത്തി നമ്മൾ പല കാര്യങ്ങളിൽ നിന്നും പിന്മാറുന്നു.. ഇതിൽ നിന്നും ഞാൻ പടിച്ചു, ഭയക്കുന്നവനു നേടാൻ ഒന്നും തന്നെ ഉണ്ടാവില്ലാ എന്നാൽ ഭയം എന്ന മറ തകർത്തു വരുന്നവനെ കാത്ത് ഒരു മാസ്മരിക ലോകം തന്നെ ഉണ്ടാവും എന്ന്.

ജീവിതത്തെ ചിരിച്ചു കൊണ്ട് നേരിടാൻ കഴിയണം. ഒരു പരാജയവും അവസാനമല്ല. ഒരു പ്രശ്‌നവും നീണ്ടു നിൽക്കുകയുമില്ല. എത്രയോ ദുർഘടങ്ങൾ നാം മറികടന്നു.സ്വയം വിശ്വസിക്കുന്നതിനേക്കാൾ വലിയ ശക്തി മറ്റൊന്നുമില്ല. നമ്മൾക്ക് കഴിയാത്തതായി ഒന്നുമില്ല. നമ്മൾ ജയിക്കാനായി പിറന്നവരാണ്. തോൽവികൾക്കു നേരെ ചിരിക്കൂ..