ശബരിമല: ശബരിമല ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന തീർത്ഥാടകർക്കായി സന്നിധാനത്ത് ആകാശപാത (സ്‌കൈപാത്ത്) നിർമ്മിക്കാൻ ധാരണയായി. തീർത്ഥാടകരും ജീവനക്കാരും കൈയൊഴിഞ്ഞതോടെ ഉപയോഗശൂന്യമായ ശരണസേതു എന്ന ബെയ്‌ലി പാലം പൊളിച്ചുനീക്കുന്നതിനെ തുടർന്നാണ് ബദൽ മാർഗമായി ആകാശപ്പാത നിർമ്മിക്കുന്നത്.

32 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. ആകാശപാതയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ എൻജിനിയറിങ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്. 15ന് ചേരുന്ന ശബരിമല ഉന്നതാധികാരസമിതി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണു സൂചന.

മാളികപ്പുറം ദേവീക്ഷേത്രത്തിന് പിറകിൽനിന്ന് തുടങ്ങി മരക്കൂട്ടം സന്നിധാനം പാതയിലെ ചന്ദ്രാനന്ദൻ റോഡിൽ കയറത്തക്കവിധത്തിലാണ് പുതിയ പാലം പണിയുന്നത്. നിലവിൽ ഇതേ സ്ഥാനത്താണു പട്ടാളക്കാരുടെ സഹായത്തോടെ നിർമ്മിച്ച ശരണ സേതുപാലം കടന്നുപോകുന്നത്. ഇതിനുമുകളിലൂടെയോ സമീപത്തുകൂടിയോ ആയിരിക്കും പുതിയ പാലം പണിയുന്നത്. പാലം പണിക്കായി വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. പാലത്തിന്റെ രൂപരേഖയും തയ്യാറായി. വനം വകുപ്പ് സ്ഥലം വിട്ടുനൽകാൻ തയ്യാറായാൽ വേഗത്തിൽ മരക്കൂട്ടത്ത് എത്തത്തക്കവിധം പാലം പൂർത്തിയാക്കാൻ കഴിയും. ഇല്ലെങ്കിൽ നിലവിലുള്ള ശരണസേതുപാലം തുടങ്ങിയിടത്തുനിന്ന് തുടങ്ങി അത് അവസാനിക്കുന്നിടത്ത് പുതിയ പാലവും അവസാനിക്കും. ശരണസേതുവിന് മുകളിലായി കയറ്റവും ഇറക്കവും ഇല്ലാത്തരീതിയിലാണ് പുതിയ പാലം പണിയുന്നതെന്ന് ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ പറഞ്ഞു.

നിർമ്മാണത്തിലെ അപാകംകൊണ്ട് ശരണസേതു പാലം തുറന്നുകൊടുത്ത് കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ തന്നെ ഭക്തർ ഉപേക്ഷിച്ചു. കുത്തനെയുള്ള കയറ്റവും പടിക്കെട്ടുകളും കാരണം പ്രായവർക്ക് യാത്രചെയ്യാൻ പ്രയാസമായി. പിന്നീട് വലിയ നടപ്പന്തൽ വഴിയാണ് ദർശനശേഷം മടങ്ങുന്നവരെ അയച്ചുകൊണ്ടിരുന്നത്. പുതിയ പാലം പൂർത്തിയാകുന്നതോടെ പഴയ പാലം പൊളിച്ചുകളയാനും ഈ വഴി ട്രാക്ടർ പാതയാക്കാനും ആലോചനയുണ്ട്.

നിലവിൽ ഏറെ തിരക്കുള്ള സമയങ്ങളിൽ വലിയ നടപ്പന്തൽ,നടപ്പാലം എന്നിവ വഴിയാണ് ദർശനശേഷം തീർത്ഥാടകർ മടങ്ങുന്നത്. ഇത് പലപ്പോഴും കനത്ത തിക്കും തിരക്കിനും കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് ബെയ്‌ലി പാലം നിർമ്മിച്ചത്. എന്നാൽ, കുത്തനെയുള്ള കയറ്റവും ഇറക്കവും കാരണം തീർത്ഥാടകർ ബെയ്‌ലി പാലത്തെ കൈയൊഴിഞ്ഞു. 2011 നവംബർ ഏഴിനാണ് ബെയ്‌ലി പാലം തീർത്ഥാടകർക്കായി തുറന്നുകൊടുത്തത്.

മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിൽപ്പെട്ട സൈനികരാണ് പാലം നിർമ്മിച്ചത്. തിരക്കേറിയ സമയത്ത് ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരെ പമ്പയിലേക്ക് തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. സഹ്യാദ്രി പിൽഗ്രിം സെന്ററിനു പിൻവശത്തുകൂടി കുത്തനെയുള്ള ഇറക്കം ഇറങ്ങിവേണം ബെയ്‌ലി പാലത്തിലെത്താൻ. ഇവിടെനിന്ന് 116 പടികൾ കയറിയാലേ ചന്ദ്രാനന്ദൻ റോഡിലേക്കെത്തൂ.