ദുബായ്: യുഎഇയിൽ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോ ംകമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് സ്‌കൈപ്പ് ഉപയോഗം പിൻവലിച്ച തീരുമാനം. നാട്ടിലുള്ള പ്രിയപ്പെട്ടവരോട് പ്രവാസികൾ സംവദിക്കാൻ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സ്‌കൈപ്പിനെയായിരുന്നു.

അംഗീകൃതമല്ലാത്ത വോയ്പ് (വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സർവീസ്) സേവനങ്ങൾ നൽകുന്നതിനാലാണ് സ്‌കൈപ്പ് യുഎഇ.യിൽ നിയമവിരുദ്ധമാക്കുന്നത്. സ്‌കൈപ്പ് കോളുകൾ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ടെലികോം കമ്പനികൾ നയം വ്യക്തമാക്കിയത്.

ഇത്തിസലാത്തിനും ഡുവിനും വോയ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന പ്രത്യേകം ആപ്പിക്കേഷനുകളുണ്ട്. പ്രതിമാസം നിശ്ചിതതുക നൽകി ഈ ആപ്പുകൾ വഴി സേവനങ്ങൾ ലഭ്യമാക്കാമെന്നും കമ്പനികൾ വ്യക്തമാക്കി.