ദോഹ: പ്രമുഖ വീഡിയോ വോയ്‌സ് കോളിങ് സർവീസായ സ്‌കൈപ്പിന് ഖത്തറിൽ വിലക്ക്. ഇതുസംബന്ധിച്ച കാര്യം സ്‌കൈപ്പ് അധികൃതർ തന്നെയാണ് പുറത്ത് വിട്ടത്. ഖത്തറിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ സ്‌കൈപ്പ് ആപ്പിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയെന്നാണ് സ്‌കൈപ്പ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ഖത്തറിൽ വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ആപ്പുകൾക്ക് നിലവിൽ നേരിടുന്ന പ്രശ്‌നങ്ങളാണ് സ്‌കൈപ്പിന് വിലക്ക് ഏർപ്പെടുത്തുന്നതിലേക്കും ചെന്നെത്തിയത് എന്നാണ് പറയുന്നത്. ഒരു മാസം മുമ്പ് വൈബറിനും ഇത്തരത്തിലുള്ള അവസ്ഥ നേരിട്ടിരുന്നു. പിന്നീട് വൈബർ അൺബ്ലോക്ക് ചെയ്തുവെന്ന് ഇതിന്റെ ഉപയോക്താക്കൾക്ക് സന്ദേശം ലഭിക്കുകയും ചെയ്തു. ഈദിന് മുമ്പ് ഓഗസ്റ്റിൽ വാട്ട്‌സ് ആപ്പ്, വൈബർ, സ്‌കൈപ്പ്, ഫേസ് ടൈം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നതിന് തടസം നേരിടുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു എന്ന് ഉപയോക്താക്കൾ ഓർക്കുന്നു.

എന്നാൽ പൊതുജനങ്ങൾ നേരിടുന്ന വോയ്പ് പ്രശ്‌നങ്ങളിൽ വോഡഫോണും ഓർഡൂവും മൗനം പാലിക്കുകയാണിപ്പോൾ. അതേസമയം ഖത്തർ ടെലികോം റെഗുലേറ്റർ ആയ സിആർഎ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ വോയ്പ് കോളുകൾക്ക് ഇത്തരത്തിൽ വിലക്ക് കൊണ്ടുവരുന്നത് ന്യായീകരിക്കാൻ പറ്റാത്തതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കൾ രംഗത്തെത്തിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ പറയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.