ദോഹ: പ്രശസ്ത ഇന്റർനെറ്റ് വീഡിയോ, വോയ്‌സ് കോളിങ് സർവീസായ സ്‌കൈപ്പിന് ഖത്തറിലുള്ള വിലക്ക് നീക്കിയിട്ടില്ലെന്ന് അധികൃതർ. ഖത്തറിൽ സ്‌കൈപ്പ് ആപ്പ് ഉപയോഗിച്ചുള്ള വിളികൾക്ക് ഇവിടുത്തെ ഐഎസ്‌പി (ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ) വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് സ്‌കൈപ്പ് അധികൃതർ അറിയിച്ചു.

സ്‌കൈപ്പ് പോലെയുള്ള മറ്റൊരു ആപ്പായ വൈബറിന് ഉണ്ടായിരുന്ന വിലക്ക് കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നു. തുടർന്ന് സ്‌കൈപ്പ് ഉപയോക്താക്കളുടെ തുടർച്ചയായ അന്വേഷണത്തെ തുടർന്നാണ് സ്‌കൈപ്പ് അധികൃതർ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തറിൽ വോയ്പ് ആപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ പരക്കെ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് കമ്പനികൾ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.

ഓഗസ്റ്റ് അവസാനമാണ് വാട്ട്‌സ് ആപ്പ്, വൈബർ, സ്‌കൈപ്പ്, ഫേസ്‌ടൈം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങിയത്. വളരെ ചുരുങ്ങിയ ചെലവിൽ നാട്ടിലേക്ക് വിളിക്കാവുന്ന ഇത്തരം ആപ്പുകൾ വിലക്കിയത് കുറച്ചൊന്നുമല്ല പ്രവാസികളിൽ ആശങ്കയുളവാക്കിയത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരിൽ നിന്ന് ഈ പ്രശ്‌നങ്ങൾക്കു മറുപടി അന്വേഷിച്ച് പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാൻ തുടങ്ങുകയും ചെയ്തു.

അതേസമയം സ്‌കൈപ്പിനുള്ള വിലക്ക് എന്നു മാറുമെന്ന് വ്യക്തമാക്കാൻ അധികൃതർക്കും ആവുന്നില്ല. പല പ്രശ്‌നങ്ങളുടേയും പേരിൽ സ്‌കൈപ്പ് നേരിടുന്ന വിലക്ക് ഉടൻ മാറ്റാൻ ഉപയോക്താക്കളിൽ നിന്നും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് സമ്മർദമുണ്ട്.