തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് ഇതാ ഒരു നല്ലവാർത്ത. പുത്തൻ ദൃശ്യാനുഭവം സൃഷ്ടിക്കാൻ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്‌ക്രീനുമായി തിരുവനന്തപുരം നഗരത്തിലെ എസ്എൽ തിയറ്റർ കോംപ്ലക്‌സ് സജ്ജമായിക്കഴിഞ്ഞു. 72 അടി വീതിയും 30 അടി ഉയരവും ഉള്ള പടുകൂറ്റർ സ്‌ക്രീനാണ് അതുല്യയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ഏറ്റവും വലിയ സ്‌ക്രീൻ മാത്രമല്ല, ഫോർ കെ ഇരട്ട പ്രൊജക്ഷൻ സംവിധാനവും എസ്എൽ തിയറ്റർ കോംപ്ലക്‌സിലെ അതുല്യ തിയറ്ററിൽ ഒരുങ്ങിക്കഴിഞ്ഞു.

അടുത്തയാഴ്ച തിയറ്റർ പ്രവർത്തനം ആരംഭിക്കും. ഹോളിവുഡ്- ബോളിവുഡ് ചിത്രങ്ങൾ വിദേശ രാജ്യങ്ങളിലെ എന്നവണ്ണം സാങ്കേതികത്തികവോടെതന്നെ തലസ്ഥാനത്തെ ചലച്ചിത്ര പ്രേമികൾക്കു കാണാനാകും.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡി മാക്‌സ് (ഡിജിറ്റൽ മാക്‌സിമം) തിയറ്ററായി മാറിയിരിക്കുകയാണ് അതുല്യ. 15 കോടി രൂപ ചെലവഴിച്ചാണ് എസ്എൽ തിയറ്റർ സമുച്ചയം നവീകരിച്ചത്. ഇനി ഇത് ഏരീസ് പ്ലസ് എസ്എൽ സിനിമ എന്ന മൾട്ടിപ്ലക്‌സ് ആയി മാറുകയാണ്. ആറു സ്‌ക്രീനാണ് ഇതിൽ ഉണ്ടാകുക. നാലു തിയറ്ററുകളായിരുന്നു എസ്എൽ തിയറ്റർ കോംപ്ലക്‌സിൽ ഉണ്ടായിരുന്നത്. ഇതാണ് ആറാകുന്നത്. ഇതിൽ മൂന്നു സ്‌ക്രീനിന്റെ ഉദ്ഘാടനമാണ് അടുത്തയാഴ്ച നടക്കുന്നത്. തിരുവനന്തപുരത്തെ ആദ്യ മൾട്ടിപ്ലക്‌സ് ആയിരിക്കും ഏരീസ് പ്ലസ് എസ്എൽ സിനിമ.

തിരുച്ചിറപ്പള്ളിയിലെ ഒരു തിയറ്ററിൽ മാത്രമാണ് ദക്ഷിണേന്ത്യയിൽ ഇപ്പോൾ ഫോർ കെ പ്രൊജക്ഷൻ സംവിധാനമുള്ളത്. എന്നാൽ, അതുല്യയിൽ രണ്ടു ഫോർ കെ പ്രൊജക്ടറുകളാണുള്ളത്. ചലച്ചിത്ര സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനാണ് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ. ഏരീസ് വിസ്മയ മാക്‌സ് സ്റ്റുഡിയോയുടെ ഉടമസ്ഥരായ ഈ കമ്പനിയുടെ ചെയർമാൻ സോഹൻ റോയ് ആണ്.

64 ചാനൽ അറ്റ്‌മോസ് ശബ്ദവിന്യാസമാണ് അതുല്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ശബ്ദസംവിധാനം ദക്ഷിണേന്ത്യയിൽ മറ്റൊരിടത്തുമില്ല. പ്രേക്ഷകർക്കു കിടന്നു വേണമെങ്കിലും കാണാൻ സാധിക്കുന്ന രീതിയിലുള്ള ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രൊജക്ടറുകളിലെ പ്രകാശത്തിന്റെ തോത് 66,000 ലൂമിനൻസാണ്. പ്രേക്ഷകർക്കു തിയറ്ററിലേക്ക് എത്തുന്നതിനു പുതിയ ലിഫ്റ്റിനു പുറമെ എസ്‌കലേറ്ററും ഒരുക്കിയിട്ടുണ്ട്. പഴയ ആതിര, അശ്വതി തിയറ്ററുകളിലും പുതിയ സിൽവർ സ്‌ക്രീൻ, ടു കെ പ്രൊജക്ഷൻ, ആധുനിക 5.1 ശബ്ദ സംവിധാനം, അത്യാധുനിക സീറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആതിരയുടെ ബാൽക്കണിയിൽ സോഫകൾ മാത്രമേ ഇനി ഉണ്ടാകൂ.

അഞ്ജലി തിയറ്റർ അടുത്ത ഘട്ടത്തിലാകും നവീകരിക്കുക. തിയറ്റർ കോംപ്ലക്‌സിന്റെ താഴത്തെ നില പൂർണമായും പാർക്കിങ്ങിനായി നീക്കിവയ്ക്കും. അഞ്ജലിയുടെ ബാൽക്കണി മൂന്നായി തിരിച്ചു മൂന്നു ചെറിയ തിയറ്ററുകളാക്കി മാറ്റാനാണു പദ്ധതിയെന്നും വൈകാതെ ഈ തിയറ്ററുകളുടെ നിർമ്മാണം പൂർത്തിയാകുമെന്നും ഏരീസ് ഗ്രൂപ്പ് മേധാവികൾ അറിയിച്ചു.