കൊളംബോ: ശ്രീലങ്കക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയം. ശ്രീലങ്ക ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം 14 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഓസീസ് മറികടന്നു. 44 പന്തിൽ 70 റൺസെടുത്ത ഡേവിഡ് വാർണറും 41 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചുമാണ് ഓസീസിന്റെ ജയം അനായാസമാക്കിയത്. സ്‌കോർ ശ്രീലങ്ക 19.3 ഓവറിൽ 128ന് ഓൾ ഔട്ട്, ഓസ്‌ട്രേലിയ 14 ഓവറിൽ 134-0.

ലങ്കയെ വേഗം പുറത്താക്കിയതിന്റെ ആവേശത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തീക്ഷണയുടെ ആദ്യ ഓവറിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ടമാവേണ്ടതായിരുന്നു. തീക്ഷണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായി അമ്പയർ വിധിച്ചെങ്കിലും റിവ്യുവിലൂടെ ഫിഞ്ച് രക്ഷപ്പെട്ടു. ആദ്യ മൂന്നോവറിൽ 14 റൺസ് മാത്രമെടുത്ത് പതുങ്ങിയ ഓസീസ് ചമീരയുടെ നാലാം ഓവറിൽ 13 റൺസടിച്ച് കുതിച്ചു.

ലങ്കയുടെ പ്രതീക്ഷയായിരുന്ന ലെഗ് സ്പിന്നർ വാനിന്ദു ഹസരങ്കയെ ആദ്യ ഓവറിൽ തന്നെ 19 റൺസടിച്ച് ഓസീസ് ടോപ് ഗിയറിലായി. തീക്ഷണയെ 13 റൺസടിച്ച് പവർ പ്ലേയിൽ തന്നെ ഓസീസ് 59 റൺസിലെത്തി. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. ഹസരങ്കയും ചമീരയുമെല്ലാം വാർണറുടെയും ഫിഞ്ചിന്റെയും പ്രഹരമേറ്റുവാങ്ങിയപ്പോൾ 11-ാം ഓവറിൽ ഓസീസ് 100 കടന്നു. എന്നാൽ 11.4 ഓവറിൽ ഓസീസ് 101-0ൽ നിൽക്കെ മഴയെത്തി. മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ അതിവേഗം ലക്ഷ്യം അടിച്ചെടുത്ത് ഓസീസ് പരമ്പരയിൽ വിജയത്തുടക്കമിട്ടു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 19.3 ഓവറിൽ 128 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹേസൽവുഡും മൂന്ന് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കുമാണ് ലങ്കയെ തകർത്തത്. 38 റൺസെടുത്ത ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറർ. അവസാന ഓമ്പത് വിക്കറ്റുകൾ 28 റൺസിനാണ് ലങ്കക്ക് നഷ്ടമായത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്കായി ഓപ്പണർമാരായ പാതും നിസങ്കയും ധനുഷ്‌ക ഗുണതിലകയും മോഹിക്കുന്ന തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ തകർത്തടിച്ച ഇരുവരും ചേർന്ന് ലങ്കയെ 4.2 ഓവറിൽ 39 റൺസിലെത്തിച്ചു. ഗുണതിലകയെ വീഴ്‌ത്തി ഹേസൽവുഡാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അസലങ്കയും മോശമാക്കിയില്ല. നിസങ്കക്ക് ഒപ്പം അസലങ്കയും നിലയുറപ്പിച്ചതോടെ 12ാം ഓവറിൽ ലങ്ക 100 റൺസിലെത്തി.

എന്നാൽ ഒരോവറിൽ കുശാൽ മെൻഡിസ്(1), ഭാനുക രജപക്‌സെ(0),ക്യാപ്റ്റൻ ദാസുൻ ഷനക(0) എന്നിവരെ ഹേസൽവുഡ് വീഴ്‌ത്തിയതോടെ 100-1ൽ നിന്ന് ലങ്ക 103-5ലേക്ക് കൂപ്പുകുത്തി. പിടിച്ചു നിൽക്കാൻ ശ്രമിച്ച ഹസരങ്കയെ(17) സ്റ്റാർക്ക് മടക്കി. കരുണരത്‌നെ(1) റണ്ണൗട്ടാവുകയും ചമീരയെ സ്റ്റാർക്കും തീക്ഷണയെ റിച്ചാർഡ്‌സണും വീഴ്‌ത്തിയതോടെ ലങ്കൻ ഇന്നിങ്‌സ് 20 ഓവർ പൂർത്തിയാക്കാതെ അവസാനിച്ചു. ഓസീസിനായി ഹേസൽവുഡ് നാലോവറിൽ 16 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ സ്റ്റാർക്ക് നാലോവറിൽ 26 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.