- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
25 പന്തിൽ 54 റൺസ്; തകർത്തടിച്ച് ദാസുൻ ഷനക; പിന്തുണച്ച് കരുണരത്‌നെ; ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം; ഓസ്‌ട്രേലിയയെ കീഴടക്കിയത് നാല് വിക്കറ്റിന്

കൊളംബോ: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം. ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിനാണ് കീഴടക്കിയത്. സ്‌കോർ ഓസ്‌ട്രേലിയ 20 ഓവറിൽ 176-7, ശ്രീലങ്ക 19.5 ഓവറിൽ 177-6. ലങ്ക ജയിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കി
ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി അവസാന ഓവറുകളിൽ ക്യാപ്റ്റൻ ദാസുൻ ഷനകയും ചാമിക കരുണരത്‌നെയും പുറത്തെടുത്ത അത്ഭുത പ്രകടനമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്.
നാല് വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന മൂന്നോവറിൽ 59 റൺസായിരുന്നു ശ്രീലങ്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ക്യാപ്റ്റൻ ദാസുൻ ഷനകയും കരുണരത്‌നെയും ക്രീസിൽ. കടുത്ത ലങ്കൻ ആരാധകർ പോലും തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഷനക പോരാട്ടം ഏറ്റെടുത്തു. ജോഷ് ഹേസൽവുഡ് എറിഞ്ഞ പതിനെട്ടാം ഓവറിൽ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി 22 റൺസടിച്ച ഷനക ജെയ് റിച്ചാർഡ്‌സൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ രണ്ട് ഫോറും ഒരു സിക്‌സും പറത്തി 18 റൺസടിച്ചു. ഇതോടെ അവസാന ഓവറിൽ ജയത്തിലേക്ക് 19 റൺസെന്ന ലക്ഷ്യത്തിലെത്തി ലങ്ക.
കെയ്ൻ റിച്ചാർഡ്‌സൺ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും വൈഡായി. അടുത്ത പന്തിൽ ഷനക സിംഗിളെടുത്തു. രണ്ടാം പന്ത് ബാറ്റിൽ കൊണ്ടില്ലെങ്കിലും കരുണരത്‌നെ ബൈ റണ്ണോടി ഷനകക്ക് സ്‌ട്രൈക്ക് കൈമാറി. മൂന്നാം പന്തിലും നാലാം പന്തിലും ഷനകയുടെ ബൗണ്ടറി. ലക്ഷ്യം രണ്ട് പന്തിൽ ഏഴ് റൺസ്. റിച്ചാർഡ്‌സൺ എറിഞ്ഞ അഞ്ചാം പന്തിൽ ഷനകയുടെ നിർണായക സിക്‌സ്. ഇതോടെ ലക്ഷ്യം ഒരു പന്തിൽ ഒരു റണ്ണായി. അവസാന പന്തിൽ റിച്ചാർഡ്‌സൺ വൈഡെറിഞ്ഞതോടെ ലങ്ക അവിശ്വസനീയ ജയത്തിലെത്തി. ഷനക 25 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കരുണരത്‌നെ 10 പന്തിൽ 14 റൺസെടുത്തു.
ധനുഷ് ഗുണതിലക(15), പാതും നിസങ്ക(27), ചരിത് അസലങ്ക(26), ഭാനുക രാജപക്‌സെ(17) എന്നിവരും ലങ്കക്കായി പൊരുതി. ഓസീസിനായി ഹേസൽവുഡ് രണ്ടും ആഷ്ടൺ ആഗർ ഒരു വിക്കറ്റുമെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായിഡേവിഡ് വാർണർ(39), ക്യാപ്റ്റൻ ആരോൺ ഫിഞ്ച്(29), സ്റ്റീവ് സ്മിത്ത്(37), സ്റ്റോയ്‌നിസ്(38) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. ലങ്കക്കായി തീക്ഷണക്ക് രണ്ട് വിക്കറ്റും ഹസരങ്ക, ജയവിക്രമ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.


