- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഔദ്യോഗികം; ആറ് മണിക്കൂർ സുഖമായി ഉറങ്ങുന്നവർക്ക് കൂടുതൽ ആരോഗ്യം; ഏഴ് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ രോഗങ്ങൾ വരും
ആവശ്യമായ ഉറക്കത്തിന്റെ അളവിനെക്കുറിച്ച് തീർത്തും വ്യത്യസ്തമായ നിർദേശങ്ങളാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകർ നമുക്ക് തന്നു കൊണ്ടിരിക്കുന്നത്. ഏതാണ് ശരി ഏതാണ് തെറ്റെന്നറിയാതെ നാം ധർമസങ്കടത്തിലാകുന്നുമുണ്ട്. എട്ട് മണിക്കൂറാണ് പ്രായപൂർത്തിയായ ഒരു മനുഷ്യൻ ഉറങ്ങേണ്ടതെന്ന നിർദേശമാണ് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ
ആവശ്യമായ ഉറക്കത്തിന്റെ അളവിനെക്കുറിച്ച് തീർത്തും വ്യത്യസ്തമായ നിർദേശങ്ങളാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകർ നമുക്ക് തന്നു കൊണ്ടിരിക്കുന്നത്. ഏതാണ് ശരി ഏതാണ് തെറ്റെന്നറിയാതെ നാം ധർമസങ്കടത്തിലാകുന്നുമുണ്ട്. എട്ട് മണിക്കൂറാണ് പ്രായപൂർത്തിയായ ഒരു മനുഷ്യൻ ഉറങ്ങേണ്ടതെന്ന നിർദേശമാണ് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ദീർഘകാലമായി സ്വീകരിക്കപ്പെട്ടതും നിരവധി പേർ ദൈനംദിന ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തിയിരിക്കുന്നതുമായ ആ ശീലവും മാറ്റേണ്ട കാലമായോ...? യുഎസിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാർ നടത്തിയ പുതിയ ഒരു പഠനം ഈ നിർദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. ആറ് മണിക്കൂർ സുഖമായി ഉറങ്ങുന്നവർക്കാണ് കൂടുതൽ ആരോഗ്യമുണ്ടാവുകയെന്നും ഏഴ് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ രോഗങ്ങൾ വരുമെന്നുമാണ് അവർ മുന്നറിയിപ്പേകുന്നത്.
അതായത് മനുഷ്യന് ദിവസത്തിൽ എട്ട് മണിക്കൂർ ഉറക്കം ആവശ്യമില്ലെന്നും അത് അധികമാണെന്നും ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നതാണ് സ്വാഭാവികമായ അളവെന്നുമാണ് ഇതിന്റെ പ്രയോക്താക്കൾ വാദിക്കുന്നത്. ലോസ് ഏയ്ജൽസിലുള്ള കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
തങ്ങളുടെ പഠനത്തിന് വേണ്ടി അവർ ഇന്നും നായാടി ജീവിക്കുന്ന ആദിമവർഗക്കാരുടെ ഉറക്ക ശീലത്തെയാണ് ഈ ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയിരിക്കുന്നത്. നമീബിയിലെ സാൻ, താൻസാനിയയിലെ ഹഡ്‌സ, ബോളീവിയയിലെ സിമാൻ എന്നീ ആദിമ വിഭാഗങ്ങളിലെ ഉറക്ക ശീലത്തെയാണ് ഇവർ ഇതിനായി നിരീക്ഷിച്ചിരുന്നത്.
ആധുനികജീവിതവുമായി ബന്ധമില്ലാത്ത ഇവർ നമ്മുടെ പൂർവികരുടെ നൈസർഗികമായ ഉറക്കശീലത്തെ ഇപ്പോഴും പിന്തുടരുന്നതുകൊണ്ടാണ് ഈ വിഭാഗക്കാരെ പഠനവിധേയമാക്കിയത്. വാച്ചിന്റെ വലുപ്പമുള്ള ഡിവൈസുകൾ ഉപയോഗിച്ച് ഇത്തരക്കാരിലെ 94 മുതിർന്നയാളുകളുടെ ഉറക്കം, നടക്കുന്ന സമയം തുടങ്ങിയവ ഗവേഷകർ സൂക്ഷ്മമായി രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയുമായിരുന്നു. 1000ദിവസത്തെ ഇവരുടെ ശീലങ്ങളാണ് പഠനവിധേയമാക്കിയത്. ഇവരിൽ മിക്കവരും രാത്രിയിൽ ഏഴ് മണിക്കൂറിൽ കുറവാണ് ഉറങ്ങുന്നതെന്നും ശരാശരി ഉറക്കസമയം ആറ് മണിക്കൂറും 25 മിനുറ്റുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാശ്ചാത്യലോകത്തെ ശാസ്ത്രജ്ഞന്മാർ ഇതുവരെ നിർദേശിച്ച മാതൃകാപരമായ ഉറക്കസമയമായ എട്ട് മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവർ അതിനേക്കാൾ കുറച്ച് സമയമാണ് ഉറങ്ങുന്നത്.
തുടർന്ന് ഗവേഷകർ ഇവരുടെ ആരോഗ്യത്തെ സൂക്ഷ്മമായി പഠനവിധേയമാക്കുകയും ചെയ്തിരുന്നു. ഇവർക്ക് പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളില്ലെന്നും നല്ല ആരോഗ്യമുണ്ടെന്നുമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. കൂടാതെ നഗരവാസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവരുടേത് മാതൃകാപരമായ രക്തസമ്മർദവും ആരോഗ്യപൂർണമായ ഹൃദയവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.നമ്മിൽ പലരും എട്ടോ ഒമ്പതോ മണിക്കൂറുകൾ ഉറങ്ങുന്നവരാണെന്നും കമ്പ്യൂട്ടർ , മൊബൈൽ എന്നിവയെ അകറ്റി നിർത്തിയാൽ നാം അതിലും കൂടുതലും ഉറങ്ങാൻ സാധ്യതയുണ്ടെന്നും പഠനത്തിന്റെ ലീഡ് ഓഥറായ ഗാന്ധി യെറ്റിഷ് പറയുന്നു. എന്നാൽ ഈ ഉറക്കശീലം തെറ്റാണെന്ന് ആദ്യമായി തെളിയിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആധുനിക ജീവിതസാഹചര്യങ്ങൾ നമ്മുടെ പരമ്പരാഗത ഉറക്കസമയത്തെ കുറച്ചുവെന്ന വാദഗതികൾ വളരെക്കാലമായി ഉയർന്ന് വന്നിരുന്നുവെന്നും എന്നാൽ അത് തെറ്റാണെന്ന് തെളിയിക്കാൻ ഈ പഠനത്തിലൂടെ സാധിച്ചുവെന്നും പഠനത്തിൽ ഭാഗഭാക്കായ ജെറോം സിഗെൽ പറയുന്നു. ജേണൽ കറന്റ് ബയോളജിയിലാണീ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.