കുട്ടികൾ ചിരിച്ച മുഖത്തോടെ രാവിലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു വരുന്നതു കണ്ടാൽ തന്നെ ഒരു തൃപ്തിയില്ലേ? അവർക്ക് മതിയായ ഉറക്കം ലഭിച്ച് ഉണർവോടെ ദിവസം തുടങ്ങുന്നതിന്റെ ശുഭസൂചനയാണിത്. ടിവിയുടേയും കമ്പ്യൂട്ടറിന്റെയും മറ്റും അമിതമായ ഉപയോഗം മൂലം പല വീടുകളിലും രാത്രി ലൈറ്റണയുന്നത് ഏറെ വൈകിയാണ്. ഇത് കുട്ടികളുടെ ഉറക്ക ശീലത്തെ ഏറെ ബാധിക്കാറുണ്ട്. കൃത്യമായ ഒരു ഉറക്കച്ചിട്ട ഇല്ലെങ്കിൽ അത് കുട്ടികളുടെ ബൗദ്ധിക വളർച്ചയേയും ശാരീരിക വളർച്ചയേയും ബാധിക്കും.

കുട്ടികളുടെ ഉറക്കത്തിന് കൃത്യമായ ഒരു ടൈം ടേബിൾ വേണമെന്നുള്ളത് അത്യാവശ്യകാര്യമാണ്. എന്നാൽ ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്ക് ഉറങ്ങുന്നത് വ്യത്യസ്ത സമയമാണ് ഉള്ളത്. ആ സമയത്ത് കിടക്കുകയും അതിനനുസരിച്ച് ഉണരുകയും ചെയ്യുകയാണെങ്കിൽ ഉന്മേഷത്തോടെ അവർക്ക് രാവിലെ കിടക്ക വിട്ടെണീക്കാം. നേരത്തെ ഉറങ്ങി, നേരത്തെ ഉണരുക എന്ന പൊതു തത്വം എല്ലാ കുട്ടികൾക്കും ബാധകമല്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. കുട്ടികളുടെ ഉറക്കത്തിന്റെ ദൈർഘ്യം അനുസരിച്ചാണ് അവർ എപ്പോൾ കിടക്കണം എന്നു നിശ്ചയിക്കുന്നത്. കൂടാതെ അവർ ഉറക്കത്തിലേക്ക് വഴുതി വീഴാൻ എത്ര സമയം വേണ്ടി വരും എന്നതും കണക്കിലെടുത്ത് വേണം കുട്ടികളെ കിടക്കയിലേക്ക് വിടാൻ. ഗാഢമായ ഉറക്കത്തിന്റെ ഇടയ്ക്ക് എഴുന്നേറ്റാൽ അത് കുട്ടികളിൽ കൂടുതൽ ക്ഷീണം ഉളവാക്കും. അതുകൊണ്ടു തന്നെ ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

കുട്ടിയുടെ സ്ലീപ്പ് സൈക്കിൾ അനുസരിച്ചാണ് കുട്ടി എപ്പോൾ ഉറങ്ങാൻ കിടക്കണമെന്ന് നിശ്ചയിക്കുന്നത്. ഈ സ്ലീപ്പ് സൈക്കിൾ പ്രായത്തിനനുസരിച്ചും ഉറക്കത്തിലേക്ക് വഴുതി വീഴാൻ എത്ര സമയം വേണ്ടി വരും എന്നതനുസരിച്ചും മാറിക്കൊണ്ടിരിക്കും. ംംം.ംലയയഹശിറ.െരീാ എന്ന വെബ് സൈറ്റാണ് കുട്ടികൾക്കായി സ്ലീപ്പ് കാൽക്കുലേറ്റർ കണ്ടുപിടിച്ചിരിക്കുന്നത്. ഡോക്ടർമാരുടേയും ഈ മേഖലയിലുള്ള വിദഗ്ധരുടേയും സഹായത്തോടെയാണ് ഈ സ്ലീപ്പ് കാൽക്കുലേറ്റർ കണ്ടുപിടിച്ചിരിക്കുന്നത്.

നാലു വയസുള്ള ഒരു കുട്ടിയുടെ കാര്യത്തിൽ, രാവിലെ ഏഴു മണിക്ക് എഴുന്നേൽക്കേണ്ടതാണെങ്കിൽ കുട്ടിയെ വൈകുന്നേരം 5.46, 6.16, 7.16, 7.46 എന്നിവയിൽ ഏതെങ്കിലും അവരെ കിടക്കയിലേക്ക് വിടുക. ഇത് 30 മിനിട്ട് സ്ലിപ്പ് സൈക്കിൾ ഉള്ള കുട്ടിയെ ഉറക്കാൻ വിടുന്ന സമയമാണ്. അതേസമയം 50 മിനിട്ട് സ്ലീപ്പ് സൈക്കിൾ ഉള്ള ഇതേ പ്രായത്തിലുള്ള കുട്ടിയെ രാത്രി 7.56, 8.46, 9.36 എന്നിവയിൽ ഏതെങ്കിലും സമയത്ത് ഉറക്കാൻ ശ്രമിക്കണമെന്നാണ് സ്ലീപ്പ് കാൽക്കുലേറ്റർ പറയുന്നത്.

അതേസമയം പതിനെട്ടു വയസുള്ള കുട്ടി പുലർച്ചെ 2.16ന് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് സ്ലീപ്പ് കാൽക്കുലേറ്ററിന്റെ കണ്ടുപിടുത്തം. ഇതുകൂടാതെ ഇക്കൂട്ടർക്ക് ഉറങ്ങാൻ പറ്റിയ സമയം പുലർച്ചെ 3.46, 5.16 എന്നീ സമയങ്ങളാണ്. 18 വയസുള്ള കുട്ടിക്ക് 12 മണിക്കൂർ ഉറക്കം അനിവാര്യമല്ല എന്നതിനാലാണ് കാൽക്കുലേറ്റർ ഇക്കൂട്ടരുടെ ഉറക്കത്തിന്റെ സമയം ഇങ്ങനെ കാണിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ കാര്യത്തിൽ കഴിവതും നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നതാണ് ഉത്തമമെന്നാണ് സ്ലീപ്പ് കൺസൾട്ടന്റായ ലൂസി ഷ്രിംപ്ടൺ പറയുന്നത്.

വെബ് സൈറ്റിൽ കുട്ടിയുടെ പ്രായം രേഖപ്പെടുത്തിയ ശേഷം സ്ലീപ്പ് കാൽക്കുലേറ്റർ നിർദേശിക്കുന്ന സമയങ്ങളിൽ അനുയോജ്യമായ സമയം കുട്ടിക്കായി തെരഞ്ഞെടുക്കാനാണ് ലൂസി ഷ്രിംപ്ടൺ അഭിപ്രായപ്പെടുന്നത്. കാരണം അഞ്ചു വയസുള്ള കുട്ടിക്ക് സ്ലീപ്പ് കാൽക്കുലേറ്റർ നിർദേശിക്കുന്ന വൈകുന്നേരം 5.45 സമയത്ത് ഉറക്കിയാൽ കുട്ടി പുലർച്ചെ എഴുന്നേറ്റിരിക്കാൻ സാധ്യതയുണ്ട്. കാരണം പത്തോ പതിനൊന്നോ മണിക്കൂർ ഉറക്കം മതി ഈ പ്രായത്തിലുള്ള കുട്ടിക്ക്. അതുകൊണ്ട് സ്ലീപ്പ് കാൽക്കുലേറ്റർ നിർദേശിക്കുന്ന സമയങ്ങളിൽ മാതാപിതാക്കൾക്ക് ഉചിതമെന്ന് തോന്നുന്ന സമയം തെരഞ്ഞെടുത്തു വേണം കുട്ടിയെ ഉറക്കാൻ.