കോട്ടയം: റബർ കർഷകർക്ക് വീണ്ടും പ്രതീക്ഷ നൽകി പാതാളത്തോളം താഴ്ന്ന റബ്ബർ വിലയിൽ നേരിയ വർദ്ധന. ഡിമാൻഡ് കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞതാണ് ആഭ്യന്തര റബ്ബർ വിലയെ വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേക്ക് എത്തിച്ചിരിക്കുന്നത്. ടയർ കമ്പനികളിൽ നിന്ന് ആഭ്യന്തര റബറിന് നല്ല ഡിമാൻഡുണ്ട്. ആർ.എസ്.എസ് - 4ന് മൂന്നു രൂപയും ഐ.എസ്.എസിന് ആറുരൂപ വരെയുമാണ് കഴിഞ്ഞയാഴ്ച കൂടിയത്.

വിപണിയിൽ ഉണർവിന്റെ ട്രെൻഡ് ദൃശ്യമായതിനാൽ അവധി വ്യാപാരികൾ വരും മാസങ്ങളിലേക്കുള്ള വില 137 രൂപവരെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ആർ.എസ്.എസ് - 4ന്റെ വില കിലോയ്ക്ക് 129 രൂപയിൽ നിന്ന് 132 രൂപയിലേക്കും ആർ.എസ്.എസ് - 5ന്റെ വില 127 രൂപയിൽ നിന്ന് 129.50 രൂപയിലേക്കും വർദ്ധിച്ചു.

ലാറ്റക്‌സിന് അഞ്ച് രൂപ ഉയർന്ന് വില 87 രൂപയിലെത്തി. 128 - 130 രൂപയാണ് ഐ.എസ്.എസ് ക്വിന്റലിന് വില. അന്താരാഷ്ട്ര തലത്തിൽ ബാങ്കോക്ക്, ടോക്കിയോ, ചൈനീസ് വിലകൾ കഴിഞ്ഞവാരം മെച്ചപ്പെട്ടു. ടോക്കോം എക്‌സ്‌ചേഞ്ചിൽ വില 200 യെന്നിന് മുകളിലെത്തിയത് വിപണിക്ക് ആവേശമായി.