- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് കോടിയിലേറെ രൂപ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുക്കാൻ വെട്ടിമുറിച്ച് കളഞ്ഞത് സ്വന്തം കൈപ്പത്തി; എല്ലാത്തിനും കൂട്ടുനിന്നത് കാമുകനും പിതാവും; തട്ടിപ്പിന് ശ്രമിച്ച 22കാരിക്ക് ജയിൽശിക്ഷ വിധിച്ച് കോടതിയും
ലുബ്ളിയാന: ഒരു മില്യൺ ഡോളർ ഇൻഷുറൻസ് തുക പ്രതീക്ഷിച്ച യുവതിക്ക് ലഭിച്ചത് രണ്ടു വർഷം തടവ് ശിക്ഷ. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കൈ മുറിച്ചുമാറ്റിയതിനാണ് 22കാരിയായ യുവതിയെ ജയിലിൽ അടച്ചത്. സ്ലൊവേനിയയിലാണ് സംഭവം. ജൂലിയ അഡ്ലെസിക് എന്ന 22-കാരിയെ ആണ് സ്ലൊവേനിയയിലെ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. സംഭവത്തിന് കൂട്ടുനിന്ന യുവതിയുടെ കാമുകൻ മൂന്ന് വർഷം ജയിൽവാസം അനുഭവിക്കണം എന്നും കോടതി വിധിച്ചു.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. മരം മുറിക്കുന്നതിനിടെ അപകടമുണ്ടായെന്ന് പറഞ്ഞാണ് കൈത്തണ്ടയ്ക്ക് മുകളിൽവെച്ച് അറ്റുപോയ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അറ്റുപോയ ഭാഗം ബന്ധുക്കളാരും ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നില്ല. തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയാണ് അറ്റുപോയ ഭാഗം കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ഇത് പിന്നീട് തുന്നിച്ചേർക്കുകയും ചെയ്തു.
സംഭവത്തിൽ സംശയം തോന്നിയതിനാൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് അപകടത്തിന് പിന്നിലെ കള്ളത്തരം പുറത്തായത്. അപകടത്തിന് മുമ്പ് ജൂലിയ അഞ്ച് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല, യുവതിയുടെ കാമുകൻ കൃത്രിമ കൈകളെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ വിവരങ്ങളും ലഭിച്ചു. തുടർന്ന് കഴിഞ്ഞവർഷം തന്നെ യുവതിയെയും കാമുകനെയും കാമുകന്റെ പിതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻഷുറൻസ് ക്ലെയിം ലഭിച്ചാൽ ഒരു മില്യണിലേറെ യൂറോയാണ് (ഏകദേശം എട്ട് കോടിയിലേറെ രൂപ) യുവതിക്ക് ലഭിക്കേണ്ടിയിരുന്നത്. ഇതിൽ പകുതി തുകയും അപകടം സംഭവിച്ച് ഉടനടി തന്നെ നൽകേണ്ടതായിരുന്നു. ബാക്കി തുക മാസത്തവണകളായും ലഭിക്കും. ഈ ഭീമമായ തുക ലക്ഷ്യമിട്ടാണ് യുവതിയും കാമുകനും ഈ അതിക്രമത്തിന് മുതിർന്നതെന്ന് പ്രൊസിക്യൂട്ടർമാർ പറഞ്ഞു.
അതേസമയം, വിചാരണയിൽ തനിക്കെതിരേ ഉയർന്ന കുറ്റാരോപണങ്ങൾ യുവതി നിഷേധിച്ചു. താൻ നിരപരാധിയാണെന്നും മനഃപൂർവ്വം കൈ മുറിച്ചുമാറ്റിയിട്ടില്ലെന്നുമായിരുന്നു യുവതിയുടെ വാദം. 20 വയസ് പിന്നിട്ടപ്പോൾ തന്നെ എന്റെ കൈ നഷ്ടപ്പെട്ടു. എന്റെ യൗവനകാലം നശിച്ചു. സംഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. ആരും ഒരു വികലാംഗയാകാൻ ആരും ആഗ്രഹിക്കില്ലല്ലോ എന്നും ജൂലിയ കോടതിയിൽ പറഞ്ഞു. ഒരു മരം മുറിക്കവെ അബദ്ധത്തിൽ തന്റെ കൈ മുറിയുകയായിരുന്നു എന്നാണ് യുവതി ആശുപത്രിയിൽ പറഞ്ഞിരുന്നത്.
അതേസമയം, യുവതിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയം അറ്റുപോയ കൈ ഒപ്പം കൊണ്ടുവരാതിരുന്നതാണ് അധികൃതർക്ക് സംശയം ജനിക്കാൻ കാരണം. കൈ വീണ്ടും തുന്നിച്ചേർത്ത് അംഗവൈകല്യം പരിഹരിക്കപ്പെടാതിരുന്നാൽ മാത്രമേ ഇൻഷുറൻസ് തുക ലഭിക്കുകയുള്ളു. സ്ഥിരമായ അംഗവൈകല്യം ഉറപ്പാക്കുകയായിരുന്നു യുവതിയും കാമുകനും ലക്ഷ്യമിട്ടത് എന്ന് അധികൃതർ പറയുന്നു. ഇൻഷുറൻസ് തുക ലഭിച്ചാലുടൻ കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനും ഇരുവരും പദ്ധതിയിട്ടിരുന്നു.
മറുനാടന് ഡെസ്ക്