ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് അദ്ദേഹത്തിന് അംഗത്വം നൽകി. കേന്ദ്ര മന്ത്രിമാരായ അനന്ത് കുമാർ, സദാനന്ദ ഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

50 വർഷത്തോളം നീണ്ട കോൺഗ്രസ് സഹവാസം അവസാനിപ്പിച്ചാണ് കൃഷ്ണ ബിജെപിയിലേക്കു ചുവടുമാറ്റുന്നത്. പ്രായാധിക്യം പറഞ്ഞ് കർണാടകത്തിലെ കോൺഗ്രസ് നേതൃത്വം തന്നെ തഴയുകയാണെന്നു പറഞ്ഞ കൃഷ്ണ ബിജെപിയിൽ ചേരുമെന്ന് വ്യക്തമായ സൂചനകൾ നല്കിയിരുന്നു. ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ അദ്ദേഹം ഉപരാഷ്ട്രപതി ആകുമെന്നും സൂചനയുണ്ട്.

ബിജെപിയിൽ ചേർന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി എസ്.എം. കൃഷ്ണ രംഗത്തെത്തി. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കു നയിച്ചവരാണ് മോദിയും സംഘവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല. മഹാന്മാരായ നേതാക്കൾ നയിച്ച പാർട്ടിയിൽ ചേരാനായതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ പുതിയൊരു ഇന്ത്യ ഉദയം കൊള്ളുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയിൽ ചേർന്നതോടെ എസ്.എം. കൃഷ്ണ ഉപരാഷ്ട്രപതി ആയേക്കുമെന്ന സൂചനകളും ശക്തമാണ്. ദേശീയ തലത്തിൽ കോൺഗ്രസ് വൻ പ്രതിസന്ധി നേരിടുന്ന സമയത്തു കൃഷ്ണയേപ്പോലുള്ള മുതിർന്ന നേതാവ് ബിജെപിയിലേക്കു പോകുന്നത് പാർട്ടിക്ക് ക്ഷീണമാകും. പ്രത്യേകിച്ചും കർണാടകയിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ.

പ്രബലരായ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള കൃഷ്ണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണരംഗത്തു സജീവമായിരുന്നു. എന്നാൽ, കോൺഗ്രസ് അധികാരത്തിലേറിയെങ്കിലും അതിനുശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ പരിഗണനയൊന്നും ലഭിച്ചില്ല. പാർട്ടിയിൽ ഇനി പഴയ പ്രതാപം തിരിച്ചുകിട്ടില്ലെന്നു ബോധ്യമായതോടെയാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്.

എൺപത്തിനാലുകാരനായ കൃഷ്ണ 1968ൽ മണ്ഡ്യയെ പ്രതിനിധീകരിച്ചാണ് ആദ്യമായി ലോക്‌സഭാംഗമായത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1999ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി തുടർന്നു. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി സേവനം അനുഷ്ഠിച്ചു. തുടർന്ന് മന്മോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടർന്നു. കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതൽ സംസ്ഥാന കോൺഗ്രസുമായി പലകാര്യങ്ങളിലും അത്ര പൊരുത്തത്തിലായിരുന്നില്ല എസ്.എം. കൃഷ്ണ.