ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസിൽ കലാപക്കൊടിയുയർത്തി മുതിർന്ന കോൺഗ്രസ് നേതാവ് എസ്എം കൃഷ്ണ പാർട്ടിവിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് അദ്ദേഹം തന്റെ രാജിക്കത്ത് അയച്ചുകൊടുത്തത്. ഭാവികാര്യങ്ങൾ അടുത്ത ദിവസം വ്യക്തമാക്കുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര വിദേശകാര്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറുമായിരുന്നു കൃഷ്ണ. കർണാടക മുന്മുഖ്യമന്ത്രിയുമായ കൃഷ്ണ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്നാണ് സൂചന.

കേരളത്തിൽ കോൺഗ്രസ്സിൽ മുതിർന്ന നേതാക്കൾ തമ്മിൽ അസ്വാരസ്യം നിൽക്കുന്നതിനിടെ കർണാടകത്തിലും സമാന സാഹചര്യം ഉണ്ടാവുന്നത് കോൺഗ്രസിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്. കൃഷ്ണയ്‌ക്കൊപ്പം കർണാടകത്തിലെ മറ്റു നേതാക്കൾ അണിനിരക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

എന്നാൽ, സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുന്നതിന്റെ ഭാഗമായാണ് 85 കാരനായ എസ്.എം. കൃഷ്ണ രാജിവയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.