കണ്ണൂർ: കുഞ്ഞു ശരീരത്തിലെ വേദനകൾ മുഖത്തു കാണിക്കാതെ ഇനാറ മോൾ ഇപ്പോഴും പുഞ്ചിരിക്കുകയാണ്. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാളിൽ മാത്രം കണ്ടുവരുന്ന സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതകരോഗത്തിന്റെ കാഠിന്യങ്ങളൊന്നും അവൾക്ക് ഇപ്പോഴും അറിയില്ല.

ഒരു വയസ്സു മാത്രം പ്രായമുള്ള തങ്ങളുടെ പിഞ്ചോമനയെ മാറോടണച്ച് കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദും ഫാത്തിമ ഹിസാനയും കാരുണ്യമതികളുടെ സഹായം തേടുകയാണ്. 18 കോടിരൂപ വിലവരുന്ന മരുന്നു നൽകിയാൽ മാത്രമേ മകൾ ഇനാറ ഫാത്തിമയുടെ ജീവൻ രക്ഷിക്കാനാവൂ.

കുരുന്നിന് ഭീമമായ ചെലവുള്ള ചികിത്സക്ക് വകയില്ലാതെ നിസ്സഹായവസ്ഥയിലായ കുടുംബത്തിന് സഹായഹസ്തമേകാൻ സർവ്വകക്ഷി കൂട്ടായ്മ 2021 ഓഗസ്റ്റ് ഒന്നിനു രൂപീകരിച്ചിരുന്നു. കഴിഞ്ഞ 5 മാസത്തെ പ്രവർത്തനത്തിലൂടെ കമ്മിറ്റിക്കു മൂന്നര കോടി രൂപ മാത്രമാണു സമാഹരിക്കാനായത്.

ബാംഗളൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിൽസയിലുള്ള നിലവിൽ ഒരു വയസ്സ് തികഞ്ഞ ഇനാറി മോളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആറര ലക്ഷം രൂപ വില വരുന്ന റിസപ്ലാം എന്ന മരുന്നു മാസം തോറും കുത്തിവച്ചാണു അവളുടെ ജീവനെ നില നിർത്തുന്നത്.

നികുതി കൂടാതെ 18 കോടി രൂപ വിലവരുന്ന വിദേശനിർമ്മിത മരുന്ന് അടിയന്തിരമായി നൽകുക മാത്രമാണ് കുഞ്ഞിനെ രക്ഷിക്കാൻ ഏക വഴി എന്ന വിദഗ്ദ്ധ ഡോക്ടർമാരുടെ കണ്ടെത്തലിന് മുമ്പിൽ പകച്ചു നിൽക്കുകയാണ് ദിവസക്കൂലിക്കാരനായ പിതാവും കുടുംബവും. ഈ സാഹചര്യത്തിലാണ് മേഖലയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ ഒത്തു ചേർന്ന് 'ഇനാറ മർയം എസ്എംഎ ചികിത്സാ സമിതി'ക്ക് രൂപം നൽകിയത്.

റാഷിദിനെ സംബന്ധിച്ച് 18 കോടി രൂപ ചികിത്സാ ചെലവ് ചിന്തിക്കാൻ പോലുമാവാത്ത തുകയാണ്. മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന് മലയാളികൾ നൽകിയ സ്‌നേഹവും കരുണയും കുഞ്ഞു ഇനാറക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മാട്ടൂലിലെ മുഹമ്മദിനും ചപ്പാരപ്പടവിലെ ഖാസിമിനും പിറകെയാണ് ജില്ലയിൽ വീണ്ടും ഒരു കുട്ടിക്കുകൂടി എസ്.എം.എ റിപ്പോർട്ട് ചെയ്യുന്നത്. ഇനാറക്ക് ടൈപ്പ് എ എസ്.എം.എയാണ് ബാധിച്ചത്. അതിനാൽ കൃത്യമായ ചികിത്സ നൽകിയാൽ സാധാരണജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാവും.

രോഗം കുഞ്ഞിന്റെ പേശികളെ തളർത്തി തുടങ്ങി. ഒരു വയസിനുള്ളിൽ മരുന്ന് ലഭ്യമാക്കി ചികിത്സ ഉറപ്പാക്കണമെന്നായിരുന്നു ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നത്. പ്രവാസിയിരുന്ന റാഷിദ് കോവിഡ് പ്രതിസന്ധിയിൽ ജോലി പോയി നാട്ടിലെത്തിയതാണ്. അസുഖമെല്ലാം മാറി ഇറാന മോൾ ഓടിച്ചാടി നടക്കുന്നതും സ്വപ്നം കണ്ടാണ് ഈ പിതാവ് ഓരോ ദിവസവും തള്ളിനീക്കുന്നത്.

ഇനാറയുടെ ചികിത്സക്കായി പണം സ്വരൂപിക്കാൻ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത ചെയർപേഴ്‌സനും എടക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി. ഹമീദ് മാസ്റ്റർ ജനറൽ കൺവീനറും ഹാഷിം ബപ്പൻ ട്രഷററുമായി ബഹുജന ചികിത്സ കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. കെ. സുധാകരൻ എംപി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ല പഞ്ചായത്തംഗം കെ.വി. ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ടി. ഫർസാന, പഞ്ചായത്തംഗം ഫർസീന നിബ്രാസ് തുടങ്ങിയവർ രക്ഷാധികാരികളാണ്.

നേരത്തെ മാട്ടൂലിലെ മുഹമ്മദിനായി 46 കോടിയിലധികം അക്കൗണ്ടിലേക്കെത്തിയിരുന്നു. ചികിത്സ ചെലവിനുശേഷം അവശേഷിക്കുന്ന തുക സർക്കാറിന് കൈമാറാൻ തീരുമാനിച്ച ചികിത്സസഹായ കമ്മിറ്റി സമാന അസുഖം ബാധിച്ച ജില്ലയിലെ കുട്ടികളുടെ ചികിത്സക്കായി പരിഗണിക്കണമെന്ന അഭ്യർത്ഥന മുന്നോട്ടുവെച്ചിരുന്നു. മുഹമ്മദ് മോന് നൽകിയതുപോതെ ഇനാറ മോൾക്കും കാരുണ്യമതികളുടെ സഹകരണം അഭ്യർത്ഥിച്ചാണ് ചികിത്സ കൂട്ടായ്മ ഭാരവാഹികൾ രംഗത്തെത്തിയത്.

ഫണ്ട് ശേഖരണാർഥം കാടാച്ചിറ എസ്.ബി.ഐയിലും എടക്കാട് കേരള ഗ്രാമീൺ ബാങ്കിലും അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: എസ്.ബി.ഐ കാടാച്ചിറ 40344199787, IFSC: SBIN0071263, കേരള ഗ്രാമീൺ ബാങ്ക് എടക്കാട്: 40502101030248, IFSC: KLGB0040502, ഗൂഗ്ൾ പേ: 8590508864.