സിംഗപ്പൂർ: ചെറിയ ക്ലെയിമുകൾ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ സ്വന്തം വീട്ടിലിരുന്ന് ഇത് ചെയ്യാം. സ്‌മോൾ ക്ലെയിംസ് ട്രിബ്യൂണൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതോടെ ചെറിയ ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിന് കോടതിയിൽ പോകേണ്ട കാര്യമില്ല. സ്റ്റേറ്റ് കോർട്ടിന്റെ കമ്യൂണിറ്റി ജസ്റ്റീസ് ആൻഡ് ട്രിബ്യൂണൽസ് സിസ്റ്റം (സിജെടിഎസ്) ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായാണ് സ്‌മോൾ ക്ലെയിംസ് ട്രിബ്യൂണൽ ഓൺലൈൻ ആക്കുന്നത്.

ഇതോടെ വാക്കുതർക്കം പോലെയുള്ള ചെറിയ ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിന് കോടതിയുടെ ഇ-സർവീസ് ഉപയോഗപ്പെടുത്താം. ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാം എന്ന അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കോടതിയിൽ നേരിട്ടു പോയി ക്ലെയിമുകൾ നടത്തുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാക്കാം.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പാർട്ടികൾക്ക് അവരുടെ സ്‌മോൾ ക്ലെയിം ഡോക്യുമെന്റുകൾ ഓൺലൈൻ വഴി സമർപ്പിച്ച ശേഷം ഓൺലൈൻ വഴി തന്നെ പേയ്‌മെന്റുകളും നടത്താം. പിന്നീട് കോടതിയിൽ ഹാജരാകുന്നതിന് തങ്ങൾക്കു സൗകര്യമുള്ള ഒരു തിയതി നിശ്ചയിക്കുകയുമാകാം. കൂടാതെ എതിർപാർട്ടി സമർപ്പിച്ചിരുന്ന ഡോക്യുമെന്റുകൾ കാണാനും ഇതുവഴി സൗകര്യമുണ്ട്. കേസിന്റെ പുരോഗതിയും ഓൺലൈൻ വഴി നിരീക്ഷിക്കാം.

മാത്രമല്ല, ഇരുപാർട്ടികളും കോടതിയിൽ ഹാജരാകുന്നതിന് മുമ്പു തന്നെ കേസ് തീർക്കുന്നതിന് ഇ-നെഗോഷ്യേറ്റ് സംവിധാനവും ഇതിലുണ്ട്. ഇത് ഒരു കോൺഫിഡൻഷ്യൽ പ്ലാറ്റ്‌ഫോമിലാണ് ചെയ്യുന്നത്.