- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേവലം 26 ഇഞ്ച് ഉയരവും 37 ഇഞ്ച് നീളവും 54 കിലോഗ്രാം ഭാരവും; ലോകത്തിലെ ഏറ്റവും ചെറിയ പശുവുമായി കോഴിക്കോട് കരുവൻതിരുത്തിയിലെ കർഷകൻ; മീനാക്ഷിക്കുള്ള പുരസ്ക്കാരം ഉടമയായ കെ എം ബഷീറിന് സമ്മാനിച്ചു
കോഴിക്കോട്: ലോകത്തിലെ ഏറ്റവും ചെറിയ പശു കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തിയിലെ കെ എം ബഷീറിന്റെ തൊഴുത്തിൽ. പക്വമായ ശാരീരികാവസ്ഥയുള്ള ലോകത്തിലെ ഏറ്റവും ചെറിയ പശുവിനെയാണ് കെ എം ബഷീർ സംരക്ഷിക്കുന്നത്. കേവലം 26 ഇഞ്ച് ഉയരവും 37 ഇഞ്ച് നീളവും 54 കിലോഗ്രാം ഭാരവുമുള്ള അപൂർവ്വയിനം പശുവിന് മീനാക്ഷിയെന്നാണ് പേരിട്ടിരിക്കുന്നത്.
പശു പ്രസവിച്ചിരുന്നെങ്കിലും രണ്ടാഴ്ചയേ കിടാവിന് ആയുസ്സുണ്ടായിരുന്നുള്ളു. 20 ഇഞ്ച് നീളവും 15 ഇഞ്ച് ഉയരവുമായിരുന്നു കിടാവിന് ഉണ്ടായിരുന്നത്. ലോകത്തിൽ നിലവിലുള്ളതിൽ പ്രസവിക്കുന്നതും എല്ലാ ബാഹ്യ-ആന്തരിക അവയവങ്ങളും സാധാരണ നിലയിലുള്ളതുമായ ഏറ്റവും ചെറിയ പശുവും കിടാവും ഇതാണെന്ന് ബഷീർ പറയുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ പശു ബംഗ്ലാദേശിലെ ധാക്ക ഹികോർ എന്ന സ്ഥലത്താണ്. 10 വയസ്സ് പ്രായമുള്ള ഈ പശുവും കേരളത്തിലും മറ്റിടങ്ങളിലുമുള്ള വിവിധയിനം ഏറ്റവും ചെറിയ പശുക്കളും പ്രസവിച്ചതല്ലെന്നും ഇക്കാരണത്താൽ ലോകത്തിലെ ഏറ്റവും ചെറിയ പശുവിനെ പരിപാലിക്കുന്നത് താനാണെന്നുമാണ് ബഷീർ പറയുന്നത്.
പോഷകമൂല്യമുള്ള പാലും അനുബന്ധ ഉല്പന്നങ്ങളും വിതരണം ചെയ്യുന്നതിനായി പുതുതായി ആരംഭിക്കുന്ന ഡിവൈൻ നാച്വറൽ എ ടു മിൽക്ക് എന്ന സ്ഥാപത്തിന്റെ നടത്തിപ്പിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്ന വ്യത്യസ്ത ഇനം പശുക്കളിൽ ഉൾപ്പെട്ട ഈ ചെറിയ പശുവിനെ ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് വലിയ വില കൊടുത്ത് വാങ്ങിയത്.
ലോകത്തിലെ ഏറ്റവും ചെറിയ പശുവിനുള്ള യു ആർ എഫ് വേൾഡ് റിക്കാർഡ് കെ എം ബഷീറിന് സമർപ്പിച്ചു. കരുവൻതിരുത്തി മഠത്തിൽപ്പാടത്ത് കെ എം ബഷീറിന്റെ വീടങ്കണത്തിൽ നടന്ന സമ്മേളനം സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
യു ആർ എഫ് റിക്കാർഡ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അവാർഡ് പ്രഖ്യാപനം നടത്തി. കാലിക്കറ്റ് എയർപോർട്ട് അഡൈ്വസറി കമ്മിറ്റി അംഗം ടി പി ആഷിറലി അധ്യക്ഷനായി. ഡിഎംകെ സ്റ്റേറ്റ് ഓർഗനൈസർ ഡോ. അമൃതാ റെജി, ഡോ. ഇ എം മുഹമ്മദ്, എം ഗിരീഷ്, കെ മൊയ്തീൻകോയ, വിനോദ് ചെറുവണ്ണൂർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം സമീഷ് സ്വാഗതം പറഞ്ഞു.
പ്രസവിച്ച ലോകത്തിലെ ഏറ്റവും ചെറിയ പശുവായ മീനാക്ഷിയുടെ ഉടമയാണ് കരുവൻതിരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റു കൂടിയായ ബഷീർ. വംശനാശം നേരിടുന്ന നാടൻ ഇനം പശുക്കളെ പരിപാലിക്കുന്ന ക്ഷീര കർഷകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പിതാവായ കരുവൻതിരുത്തി കുണ്ടിൽ മണലൊടി ഉണ്ണി ഹസ്സൻ എന്ന ബാവ ക്ഷീര കർഷകനായിരുന്നു. പശു പരിപാലനത്തിൽ പിതാവിന്റെ വഴി പിന്തുടരാൻ മകനും ഇഷ്ടപ്പെടുകയായിരുന്നു.
ബഷീറിന്റെ കാലിത്തൊഴുത്തിൽ പത്തോളം ഇനങ്ങളിലുള്ള നാടൻ പശുക്കളുണ്ട്. പൊങ്കന്നൂർ, ഉംബ്ലശ്ശേരി, സ്വർണ്ണകപില, സഹിവാൾ, ഗിൾ, കങ്കരജ്, റാത്തി തുടങ്ങിയ നാടൻ വിഭാഗങ്ങളാണ് ബഷീറിന്റെ തൊഴുത്തിൽ ഇടം നേടിയത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു കണ്ടെത്തി സ്വന്തമാക്കിയതാണ് ഈ അപൂർവ്വയിനം നാടൻ പശുക്കൾ. സംയോജിത ജൈവ കൃഷിയുടെ ഫറോക്ക് ഏരിയ ചെയർമാനുമായ ബഷീർ മികച്ച മാനേജുമെന്റ് ട്രെയിനർ കൂടിയാണ്. 2007 ൽ അദ്ദേഹത്തിന് മാനേജുമെന്റ് ഗുരു അവാർഡ് ലഭിച്ചിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.