സിംഗപ്പൂർ: ബസ് കാത്തിരിപ്പ് ഒരു ബോറൻ പരിപാടിയാണെന്ന് ഇനി വിചാരിക്കേണ്ട. മൊബൈൽ ചാർജിങ്, സൗജന്യ വൈ ഫൈ, ഇ-ബുക്ക് തുടങ്ങിയ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെ ഒരു പുതിയ ബസ് സ്റ്റോപ്പ് ഒരുക്കിയിരിക്കുന്നത് ജുറോംഗ് ഈസ്റ്റിലാണ്. ഇവയ്‌ക്കെല്ലാം പുറമേ ബസ് കാത്തിരിക്കാൻ പ്രത്യേക ഊഞ്ഞാൽ വരെ സജ്ജീകരിച്ചിട്ടുണ്ടിവിടെ.

ജൂറോംഗ് ഈസ്റ്റ് സെൻട്രലിൽ ജുറോംഗ് ഗേറ്റ് വേ റോഡിൽ ആണ് ഈ അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്‌റ്റോപ്പ്. മേക്ക് വെയിറ്റിങ് ഫൺ എന്നു തന്നെയാണ് ഇതിന്റെ മുഖമുദ്ര തന്നെ. ഈ മാസം തന്നെ ഈ വെയിറ്റിങ് ഷെഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ബസുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് സ്മാർട്ട് ബോർഡുകൾ, സ്ട്രീറ്റ് ഡിക്ഷണറി തുടങ്ങിയവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇ-ബുക്കുകൾ ഡൗൺലോഡ് ചെയ്തു വായിക്കുന്നതിന് പുറമേ, പ്രിന്റ് ചെയ്ത ബുക്കുകളും ഇവിടെ വച്ചിട്ടുണ്ട്. സെപ്റ്റംബർ മുതൽ സൗജന്യ വൈ ഫൈ കവറേജും മൊബൈൽ ഫോൺ ചാർജിങ് പോയിന്റുകളും പ്രവർത്തന സജ്ജമാകും.

ഇത്തരത്തിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾക്കു പുറമേ സോളാർ പാനലുകൾ, സൈക്കിൾ പാർക്കിങ് തുടങ്ങിയവയും ഇവിടെ ഒരുക്കിയിരിക്കുന്നു.