ഷാർജ: ഇമിഗ്രേഷൻ നടപടികൾ 20 സെക്കൻഡുകൾ കൊണ്ട് പൂർത്തിയാക്കാവുന്ന തരത്തിൽ കൂടുതൽ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ച് ഷാർജ രാജ്യാന്തര വിമാനത്താവളം. അറൈവൽ, ഡിപ്പാർച്ചർ മേഖലകളിൽ എട്ടുവീതം സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചതോടെ യാത്രക്കാർക്ക് ക്യൂ നിൽക്കാതെ യാത്രാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

കൂടുതൽ പേർ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്താൻ കാമ്പയിനുകൾ നടന്നുവരുന്നുണ്ട്. തിരക്ക് ഒഴിവാക്കാനും കാത്തിരിപ്പു സമയം കുറയ്ക്കാനും സ്മാർട്ട് ഗേറ്റുകൾ വന്നതോടെ സാധിക്കുന്നുവെന്ന് ഷാർജ എയർപോർട്ട് അഥോറിറ്റി ചെയർമാൻ അലി സലിം അൽ മിഡ്ഫ വ്യക്തമാക്കി.

സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്നതിനായി ആദ്യം സ്മാർട്ട് ഗേറ്റ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് സ്മാർട്ട് ഗേറ്റിൽ പാസ്‌പോർട്ട് സ്‌കാൻ ചെയ്യുന്നതോടെ ഗേറ്റ് തുറക്കും. തുടർന്ന് കണ്ണുകൾ സ്‌കാൻ ചെയ്യും. കണ്ണടയോ തൊപ്പിയോ ഉപയോഗിക്കുന്നവർ സ്‌കാനിംഗിന് മുമ്പ് ഇവ മാറ്റണം. ഇതോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകുന്നു.

അതേസമയം മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഇല്ലാത്തവർക്കും ഏഴു വയസിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കും എമിഗ്രേഷൻ കൗണ്ടറുകളെ ആശ്രയിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. സ്മാർട്ട് ഗേറ്റുകൾ കൂടുതൽ ജനകീയമാക്കുന്നതിനായി ഒരു മാസം നീളുന്ന കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. കാമ്പയിൻ ഈ മാസം അവസാനം വരെയാണുള്ളത്.