ദോഹ: രാജ്യത്ത് ആദ്യമായി സ്മാർട്ട് പാർക്കിങ് സംവിധാനം ഏർപ്പെടുത്തി വില്ലാജിയോ മാൾ. പാർക്കിങ് സ്ഥലത്തിന് ക്ഷാമം അനുഭവപ്പെടുന്നതിന് ഒരുപരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. രണ്ടു കാറുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് 16 കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സ്മാർട്ട് കാർ പാർക്കിങ് ഈ മേഖലയിലെ വലിയൊരു വിപ്ലവമാണെന്ന് കരുതുന്നതെന്ന് മൈ സിറ്റി ഫോർ ടെക്‌നിക്കൽ സൊല്യൂഷൻസ് സീനിയർ സെയിൽസ് മാനേജർ മുഹമ്മദ് മാഗ്ഡി വ്യക്തമാക്കി.

റോട്ടറി പാർക്കിങ് എന്നാണ് ഈ സ്‌കീം അറിയപ്പെടുന്നത്. മാളിന്റെ വിഐപി എൻട്രൻസിനടുത്തായിട്ടാണ് ഇത് സ്ഥാപിക്കുക. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായിട്ടായിരിക്കും പാർക്കിങ് ഒരുക്കുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് വിജയകരമാകുകയാണെങ്കിൽ ദോഹയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന. ഈ മേഖലയിൽ തിരക്ക് വളരെ കൂടുതലാണെന്നതിനാലാണ് ഇവിടെ തന്നെ സ്മാർട്ട് പാർക്കിങ് പരിചയപ്പെടുത്തിയത്. സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്ന വീക്കെണ്ടുകളിൽ സ്മാർട്ട് പാർക്കിങ് വളരെയധികം ഗുണകരമാണെന്ന് മാഗ്ഡി അഭിപ്രായപ്പെട്ടു.

സ്മാർട്ട് പാർക്കിങ് സംവിധാനം ആദ്യമായി ആരംഭിക്കുന്ന ജിസിസി രാജ്യമല്ല ഖത്തർ. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഖത്തറിൽ ആദ്യമായി ഈ സംവിധാനം ആരംഭിക്കുന്നത് വിലാജിയോയിൽ ആണെന്നു മാത്രം.