റോം: സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കാൻ ആലോചന. സ്‌കൂളുകൾ കൂടുതൽ ഡിജിറ്റൽ വത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട്‌ഫോണുകൾക്ക് സ്‌കൂളിൽ പ്രവേശനം അനുവദിച്ചുകൊണ്ട് നിയമം മാറ്റാൻ അണ്ടർ സെക്രട്ടറി ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചിരിക്കുന്നത്.

സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽവത്ക്കരണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഫോണുകൾക്കും ടാബ്ലറ്റുകൾക്കും സ്‌കൂളിൽ വിലക്ക് ഏർപ്പെടുത്തുകയെന്നത് വിരോധാഭാസമാണെന്നും അണ്ടർസെക്രട്ടറി വിലയിരുത്തുന്നു. ഒമ്പതു വർഷം മുമ്പാണ് ഇറ്റലിയിൽ സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണിക്ക് വിലക്ക് കൊണ്ടുവന്നത്. തുടർന്ന് യൂറോപ്പിലെ പല സ്‌കൂളുകളും ഇതേ മാതൃക പിന്തുടരുകയും ചെയ്തു.

ഇറ്റലിയിലെ സ്‌കുളുകൾ ഡിജിറ്റൽവത്ക്കരിക്കുന്നതിനായി ഒരു ബില്യൺ യൂറോയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാ സ്‌കൂളുകളിലും വൈ ഫൈ സംവിധാനവും അൾട്രാ ഫാസ്റ്റ് ബ്രോഡ്ബാൻഡും കൊണ്ടുവരാനാണ് നീക്കം. കുട്ടികളെ പഠിപ്പിക്കുന്നതിന് ഡിജിറ്റൽ ടെക്‌നോളജി ഉപയോഗപ്പെടുത്താൻ ടീച്ചർമാർക്ക് പരിശീലനവും നൽകും.

ഡിജിറ്റൽവത്ക്കരണം വരുന്നതോടെ കുട്ടികളുടെ വായന സ്മാർട്ട്‌ഫോണിലും ടാബ്ലറ്റിലുമാകുമെന്നും ഹോം വർക്കുകൾ ടീച്ചർമാർക്ക് സമർപ്പിക്കുന്നതും ഇതേ രീതിയിൽ തന്നെയായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പഠനവൈകല്യമുള്ള കുട്ടികൾക്കും പുതിയ രീതി ഏറെ പ്രയോജനപ്പെടുമെന്നും വിലയിരുത്തുന്നുണ്ട്. കൂടാതെ കുട്ടികൾക്കിടയിലുള്ള സൈബർ ബുള്ളിയിംഗിനും ഒരുപരിധി വരെ തടയിടാൻ ഇതുമൂലം സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.