ന്യൂഡൽഹി: സ്മാർട്ട് ഫോൺ വിപ്ലവം ഇന്ത്യയിൽ തകർത്തു വാരുകയാണ്. മൊബൈൽ ഫോൺ നിർമ്മാണം പൊടിപൊടിക്കുന്നതിനൊപ്പം രണ്ടു വർഷം കൊണ്ടു സൃഷ്ടിച്ചത് പതിനായിരങ്ങൾക്കുള്ള തൊഴിലവസരങ്ങളാണ്. മുൻ വർഷത്തേതിനേക്കാൾ മൂന്നിരട്ടിയിലേറെ വർധനയാണു ഫോൺ നിർമ്മാണത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 35 പുതിയ സ്മാർട്ട് ഫോൺ ഫാക്ടറികളാണ് ഇന്ത്യയിൽ നിർമ്മാണം തുടങ്ങിയത്. 1.8 കോടി ഫോൺ ഒരു മാസം നിർമ്മിക്കാൻ തക്കവണ്ണം ശേഷിയുള്ളവയാണ് ഇവയൊക്കെ.

ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കു നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ പ്രാദേശിക അടിസ്ഥാനത്തിലുള്ള ഫോൺ നിർമ്മാണത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 2014ൽ 6.8 കോടി സ്മാർട്ട് ഫോണാണു രാജ്യത്തു നിർമ്മിച്ചത്. 2015 ആയപ്പോഴേക്കും ഇതു 10 കോടിയായി. ഇക്കൊല്ലം ജൂലൈ വരെയുള്ള കണക്കനുസരിച്ച് 35 മുതൽ 40 കോടി വരെയാണു നിർമ്മിക്കപ്പെട്ട സ്മാർട് ഫോണിന്റെ എണ്ണം.

മൊബൈൽ ഫോൺ നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന ഇന്ത്യ 2020ഓടെ പ്രതിവർഷം 50 കോടി സ്മാർട് ഫോണാണു നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. കയറ്റുമതിക്കായി ലക്ഷ്യമിടുന്നത് 12 കോടിയാണ്. 2020ഓടെ സ്മാർട് ഫോൺ നിർമ്മാണ മേഖല മൂന്നുലക്ഷം കോടിയുടെ വിറ്റുവരവാണു പ്രതീക്ഷിക്കുന്നതെന്നു ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ പ്രസിഡന്റ് പങ്കജ് മൊഹിന്ദ്രോ പറഞ്ഞു.

തായ്‌വാനിൽ നിന്നുള്ള ഫോക്‌സ്‌കോൺ, ഇന്ത്യൻ കമ്പനികളായ മൈക്രോമാക്‌സ്, ലാവ ഇന്റർനാഷണൽ, ഇന്റെക്‌സ് ടെക്‌നോളജീസ്, വീഡിയോകോൺ, സെൽക്കോൺ, ചൈനീസ് കമ്പനിയായ വിവോ, സിംഗപ്പൂർ ആസ്ഥാനമായ ഫ്‌ളക്‌സ്‌ട്രോണിക്‌സ് തുടങ്ങിയ കമ്പനികൾ രാജ്യത്തു പുതിയ സ്മാർട് ഫോൺ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാനുള്ള ആലോചനയിലാണ്.