- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി സ്മാർട്ട് ഫോണിന്റെ സഹായത്തോടെ പൾസ് അറിയാം; സ്മാർട്ട് പൾസ് ഓക്സിമീറ്റർ വികസിപ്പിച്ച് കോളേജ് വിദ്യാർത്ഥി വിഷ്ണു പി കുമാർ; കോവിഡ് കാലത്ത് എല്ലാ വീടുകളിലും പൾസ് ഓക്സിമീറ്റർ സാധാരണമാക്കുക ലക്ഷ്യം
തിരുവനന്തപുരം: കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും ജനജീവിതം സാധാരണമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ആശ്വസിക്കാനുള്ള സമയമായിട്ടില്ല എന്നുമാത്രമല്ല, കൂടുതൽ ആശങ്ക ഉണർത്തുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അനുദിനം കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ കൂടുതൽ രൂക്ഷമാകുകയോ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നതുപോലെ മൂന്നാം തരംഗം എത്തുകയോ ആണെങ്കിൽ ആ അടിയന്തരഘട്ടം കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുവാൻ കൂടുതൽ പരിശ്രമങ്ങൾ ആവശ്യമാണ്.
അതിൽ പ്രധാനപ്പെട്ടതാണ് രോഗനിർണയമാർഗങ്ങൾ അതാത് വീടുകളിൽ ലഭ്യമാക്കുക എന്നത്. പൾസ് ഓക്സീമീറ്റർ പോലുള്ള ഉപകരണങ്ങൾ ഇന്ന് പല വീടുകളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും അത് സാധാരണമായിക്കഴിഞ്ഞെന്ന് പറയാനാകില്ല. അത് സാധാരണമാകണമെങ്കിൽ കുറഞ്ഞ ചെലവിൽ, കൂടുതൽ ലളിതവും കൃത്യവുമായി ഉപയോഗിക്കാൻ കഴിയുന്ന പൾസ് ഓക്സിമീറ്ററുകൾ വിപണിയിലെത്തേണ്ടതുണ്ട്.
പൾസ് ഓക്സിമീറ്ററുകൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും കൃത്യത ഉറപ്പുവരുത്തുന്നതിനുമായി ഒരു സ്മാർട്ട് പൾസ് ഓക്സിമീറ്റർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിയായ വിഷ്ണു പി കുമാർ. മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് വിഷ്ണു. ചെലവ് കുറഞ്ഞതും സ്മാർട്ട്ഫോൺ ആപ്ലിക്കേഷന്റെ സഹായത്തോടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ് 'ഓക്സിഫൈൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം.
എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (കെടിയു) സംഘടിപ്പിച്ച ഒരു പരിപാടിയിൽ, കോവിഡ് പ്രതിസന്ധിയെ നേരിടാൻ പൾസ് ഓക്സിമീറ്ററുകളും വെന്റിലേറ്ററുകളും വികസിപ്പിക്കാനുള്ള ആഹ്വാനം ഏറ്റെടുത്താണ് വിഷ്ണു ഈ ദൗത്യത്തിലേയ്ക്ക് കടന്നത്. പൾസ് ഓക്സിമീറ്ററുകളുടെ ഉയർന്ന വിലയെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകളാണ് സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ കൃത്യതയുള്ള ഒന്ന് വികസിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് വിഷ്ണു പറയുന്നു.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ അരുൺ ജെഎസിന്റെ മെന്റർഷിപ്പിലാണ് വിഷ്ണു ഓക്സിഫൈൻ വികസിപ്പിച്ചത്. ഉപകരണത്തിലൂടെ പൾസ് നിരക്ക് (ബിപിഎം), എസ്പിഒ ടൂ ലെവൽ എന്നിവ അനുബന്ധ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിരീക്ഷിക്കാൻ കഴിയും.
ഉപകരണത്തിന് ഒരു ഡിസ്പ്ലേ യൂണിറ്റ് ഇല്ല. പകരം, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആർക്കും ആ വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ വിലയിരുത്താനാകും. മൈക്രോ-ബി യുഎസ്ബി പവർ അഡാപ്റ്റർ ഉപയോഗിച്ച് ഉപകരണം പ്രവർത്തിപ്പിക്കാനാകുന്നതിനാൽ, ബാറ്ററികൾ പൂർണമായും ഒഴിവാക്കാൻ കഴിയും. ഇത് ആത്യന്തികമായി ഉൽപ്പന്നത്തിന്റെ വലുപ്പവും സങ്കീർണ്ണതയും കുറയ്ക്കാൻ സഹായിക്കുന്നു. കൃത്യമായ റീഡിംഗുകൾക്കായി പരമ്പരാഗത ട്രാൻസ്മിഷൻ തരംഗങ്ങൾക്ക് പകരം റിഫ്ലക്ടീവ് സെൻസറുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
'നിലവിലെ സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററുകളുടെ സുസ്ഥിര ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം. കൂടുതൽ ഗവേഷണത്തിനും വികസനത്തിനുമായി ഈ ഉപകരണം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഇതിനകം അംഗീകരിച്ചിട്ടുണ്ട്,' അരുൺ പറയുന്നു.
റോബോട്ടിക്സ് സാങ്കേതികവിദ്യയിലും വിദഗ്ധനാണ് കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിയായ വിഷ്ണു. മകന്റെ നേട്ടങ്ങൾ മാതാപിതാക്കളായ പത്മകുമാറിനും ലിസിക്കും അഭിമാനമാണുള്ളത്. ഏഴ് വയസ്സ് മുതൽ ഇലക്ട്രോണിക്സ് പ്രൊജെക്ടുകൾ ചെയ്തു തുടങ്ങിയ വിഷ്ണു ഇതുവരെ 97 റോബോട്ടുകൾ നിർമ്മിച്ചുകഴിഞ്ഞു, 200 ഇൽ അധികം മറ്റു പ്രോജെക്ടുകളും വിഷ്ണു പൂർത്തിയാക്കിക്കഴിഞ്ഞു. സിബിഎസ്ഇ സഹോദയ എക്സിബിഷനുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ച ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററുകൾ (ഐഇഡിസി), ഫാബ് ലാബ്സ്, മിനി ഫാബ് ലാബ്സ് എന്നിവയുടെ സഹായത്തോടെ വിവിധ കോളേജുകളിൽ ബൗദ്ധിക പിന്തുണ നൽകുകയും ഉപകരണങ്ങളുടെ നിർമ്മാണത്തിന് സഹായിക്കുകയും ചെയ്യാറുള്ള വിഷ്ണു ഇന്ത്യക്കുള്ളിലും വിദേശരാജ്യങ്ങളിലും റോബോട്ടിക്സ്, ഐഒടി എന്നിങ്ങനെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ ക്ലാസുകളും എടുക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ