ദോഹ: സ്മാർട്ട് സേവനങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം രംഗത്ത്. സ്മാർട്ട് സേവനങ്ങളുടെ ഭാഗമായി പുതിയ 18 ഓൺലൈൻ സേവനങ്ങൾ കൂടി ആഭ്യന്തരമന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു. പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾക്ക് ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല. സാമ്പത്തിക നേട്ടവും മന്ത്രാലയങ്ങൾക്കുണ്ടാകും. മന്ത്രാലയങ്ങൾ തമ്മിൽ ഓൺലൈൻ വഴി ബന്ധിപ്പിക്കാനുള്ള പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മാലികി പറഞ്ഞു.

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട 266 സേവനങ്ങൾ ഓൺലൈൻ ആക്കിയിട്ടുണ്ട്. ഈ വർഷം ഇക്കാര്യത്തിൽ മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 16,934 ആഭ്യന്തര ഓൺലൈൻ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാനായി. അറ്റകുറ്റപ്പണികൾ, സേവനങ്ങൾ, ടെലിഫോൺ തുടങ്ങിയവയ്ക്കുള്ള അപേക്ഷകളിലാണ് ഓൺലൈൻ വഴി തീർപ്പുകൽപ്പിച്ചത്.

വിവര സാങ്കേതിക വകുപ്പ്, വേർഹൗസിങ് ആൻഡ് സപ്ലൈ വിഭാഗം, ടെലികമ്യൂണിക്കേഷൻ വിഭാഗം, മാനവവിഭവ ശേഷി വകുപ്പ് എന്നിവ സംയുക്തമായാണ് അപേക്ഷകൾ പരിഗണിച്ചതെന്നും അധികൃതർ പറഞ്ഞു. കൂടാതെ രേഖകൾ പൂർണമായും ഡിജിറ്റൽ ആക്കാനുള്ള പദ്ധതിയും മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. ഇതിനകം 80 ദശലക്ഷം രേഖകൾ ഡിജിറ്റലാക്കിക്കഴിഞ്ഞു. അതിന്റെ 88 ശതമാനം പദ്ധതിയും പൂർത്തിയായിട്ടുണ്ട്.