ദുബൈ: രാജ്യത്തെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ സ്മാർട്ട് ആപ്പ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധന ഉടൻ ഉണ്ടാകും. തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനുമായാണ് സ്മാർട് ആപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വേഗത്തിലും സുതാര്യമായും തെളിവുകൾ സഹിതം റിപ്പോർട്ട് അയയ്ക്കാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം

തൊഴിലാളികളുടെ താമസസ്ഥലം മതിയായ സൗകര്യങ്ങളോടെ യുള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തിയ ശേഷം അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയാണ് സ്മാർട് സിസ്റ്റം ചെയ്യുക. പരിശോധന നടന്ന കേന്ദ്രങ്ങളിലെ വിവരങ്ങൾ അപ്പപ്പോൾ തൊഴിൽകാര്യ സ്ഥിര സമിതി ഓഫീസിൽ എത്തിക്കും. വേഗത്തിൽ പരിശോധന പൂർത്തിയാക്കാനും ദൃശ്യങ്ങളും ചിത്രങ്ങളും പകർത്താനും ഉതകുന്നതാണ് പുതിയ സംവിധാനം.

എത്ര ജീവനക്കാരുണ്ടെന്നും ഏത് കമ്പനിയിലാണ് ഇവർ ജോലി ചെയ്യുന്നതെന്നും രേഖപ്പെടുത്തും. ഓരോ ആഴ്ചയിലും പരിശോധന നടത്തും. തൊഴിലാളികൾക്ക് ആരോഗ്യകരവും സൗകര്യപ്രദവുമായ താമസസ്ഥലം ഉറപ്പുവരുത്താൻ സ്മാർട് സിസ്റ്റത്തിന് കഴിയുമെന്നാണ് കരുതുന്നത്.

തൊഴിലാളിക്ക് എന്തെങ്കിലും പ്രത്യേകമായ ആവശ്യമുണ്ടോയെന്നും പരിഗണിക്കും. ഓരോ കമ്പനിയെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ ഇപ്പോൾ താമസകുടിയേറ്റ വകുപ്പിന്റെ പക്കലുണ്ട്. ഓരോ തൊഴിലാളിക്കും കിടക്കയും ഷെൽഫും വേണം. മുറിയിൽ കൂളർ ഉണ്ടായിരിക്കണം. കുളിമുറിയും അടുക്കളയും ശുചിത്വമുള്ളതായിരിക്കണം. ഒരു താമസ കേന്ദ്രത്തിന് ഒരു ഡോക്ടർ ഉൾപെടുന്ന ക്ലിനിക്ക് വേണം. ദുബൈ പൊലീസ്, നഗരസഭ, തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയാണ് നടക്കുക. പത്തിലധികം  തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ വിവരം 8009119 എന്ന നമ്പറിൽ തൊഴിലാളികൾക്ക് അറിയിക്കാമെന്നും മേജർ ജനറൽ പറഞ്ഞു