ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളും സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് പോലുള്ള ഗാഡ്ജറ്റുകളുമില്ലാത്ത ഒരു നിമിഷം പോലും നമുക്കിന്ന് ഊഹിക്കാനാകില്ല. മനുഷ്യൻ ഇവയുടെ അടിമയായെന്നാണ് പലരും പറയുന്നത്. എന്നാൽ അന്തിമമായ ട്രെൻഡൊന്നുമല്ലെന്നാണ് പുതിയ റിപ്പോർട്ട്. അതായത് അടുത്ത വർഷം മുതൽ ആന്റി ട്രെൻഡ് ആരംഭിക്കാൻ പോകുകയാണെന്നാണ് ഒരു ട്രെൻഡ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ആഗോളവ്യാപകമായി മിക്കവരും ഗാഡ്ജറ്റുകളും മറ്റും ഉപേക്ഷിക്കുകയും ലളിതജീവിതത്തിലേക്ക് നീങ്ങുകയും ചെയ്യുമത്രെ.

ഇതിലേക്ക് നയിക്കുന്ന സൂചനകൾ ഇപ്പോൾത്തന്നെ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി പല സോഷ്യൽ നെറ്റ് വർക്കിംസ് സൈറ്റുകളുടെയും റേറ്റിങ് കുറഞ്ഞു കൊണ്ടിരിക്കുയാണെന്നാണ് ഒരു ഡിജിറ്റൽ ട്രെൻഡ്‌സ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിയോലുഡിറ്റ് കാലഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണെന്നാണ് ആ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ ഏജൻസിയായ ഹോട്ട് വയറിന്റെ ആറാമത് ആന്വൽ ഡിജിറ്റൽ ട്രെൻഡ്‌സ് റിപ്പോർട്ടിലാണിക്കാര്യം പ്രവചിച്ചിരിക്കുന്നത്. ആപ്ലിക്കേഷനുകളിലും സൈറ്റുകളിലും മറ്റും പെരുകുന്ന പരസ്യങ്ങൾ മൂലമാണത്രെ മിക്കവർക്കും ഈ വിഷയങ്ങളിൽ വിരക്തിയുണ്ടായിരിക്കുന്നതെന്നാണ് ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഭാഗമായാണ് ആഡ് ബ്ലോക്കിങ് ഉപയോഗപ്പെടുത്തുന്ന പ്രവണത ഇപ്പോൾ വർധിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ധാർമികമായും സാമൂഹിക ക്ഷേമത്തിന് വേണ്ടിയും ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ സൂചിപ്പിക്കാനാണ് നിയോലുഡിറ്റ് എന്ന പദം ഉപയോഗിക്കുന്നത്. അതിനാലാണ് ഇത്തരക്കാർ വർധിക്കുന്ന അടുത്ത ഘട്ടത്തെ നിയോലുഡിറ്റ് യുഗം എന്ന് വിളിക്കുന്നത്. ടെക്‌നോളജി വിരുദ്ധരായവരെ സൂചിപ്പിക്കാനാണിന്ന് ഈ പദം ഉപയോഗിക്കുന്നത്. ആധുനിക ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഉപയോഗിക്കുന്നതിന് വൈഷമ്യങ്ങൾ നേരിടുന്നവരെയും ഈ പേര് വിളിക്കാറുണ്ട്. ഓഫ് കോമിന്റെ കഴിഞ്ഞയാഴ്ചയിലെ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻസ് മാർക്കറ്റ് റിപ്പോർട്ടിനെയും ഹോട്ട് വയർ പ്രവചനറിപ്പോർട്ട് പിന്തുടരുന്നുണ്ട്. ഇതനുസരിച്ച് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ സന്ദർശിക്കുന്ന യുകെക്കാർ ഇപ്പോൾ 56 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 65 ശതമാനമായിരുന്നുവെന്നറിയുമ്പോഴാണ് പുതിയ പ്രവണത വ്യക്തമാകുന്നത്. ഇതിന് പുറമെ യുഎസ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും ഇതേ പ്രവണതയാണുള്ളത്.

ടെക്‌നോളജിയോടും ഗാഡ്ജറ്റുകളോടുമുള്ള അഡിക്ഷൻ മൂലം ലോകമാകമാനം നിരവധി പേർ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ലോകമാകമാനമുള്ള 53 ശതമാനം ഗാഡ്ജറ്റ് ഓണർമാരും ഫോണുകൾ ഉപയോഗിക്കാൻ സാധിക്കാത്തപ്പോൾ ഉത്കണ്ഠാകുലരാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത്തരം അഡിക്ഷന് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിരിക്കുയാണ്. യുകെയിലെ എട്ടിൽ ഒരാൾക്കെന്ന തോതിൽ ഈ അഡിക്ഷനുണ്ടെന്നാണ് കണക്കുകൾ. അഡിക്ഷനിൽ നിന്നും മോചനം നേടാൻ മിക്കവരും ട്രീറ്റ് മെന്റുകൾക്ക് വിധേയമാകുന്നതോടെ അവർക്ക് ടെക്‌നോളജി മടുക്കാൻ വഴിയൊരുങ്ങും. തുടർന്ന് അവർ മനസ്സിനെ ഉറപ്പിച്ച് നിർത്താൻ ധ്യാനം പോലുള്ള മാർഗങ്ങളിൽ അഭയം തേടും. ഇതോടെ ലോകമാകമാനം ടെക്‌നോളജിയും ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുകയും ആന്റിടെക് യുഗത്തിന് നാന്ദികുറിക്കുമെന്നുമാണ് ഹോട്ട് വയർ റിപ്പോർട്ട് സമർത്ഥിക്കുന്നത്.