ഡബ്ലിൻ: അയർലണ്ടിലെ സീറോമലബാർ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 19 ശനിയാഴ്‌ച്ച രാവിലെ 10.15ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു.

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാർത്ഥനഗാനങ്ങൾ ആലപിച്ചുകൊണ്ടും വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോൺ: ഫാ. ആന്റണി പെരുമായന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തിൽ മെയ്‌ 19 ലെ നോക്ക് മരിയൻ തീർത്ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നോക്ക് മരിയൻ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോൺ: ഫാ. ആന്റണി പെരുമായൻ അഭ്യർത്ഥിച്ചു.