രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. നേരത്തേ വിലക്ക് ഏർപ്പെടുത്തിയ വിമാനത്താവളങ്ങൾ, പൊതു വിശ്രമകേന്ദ്രങ്ങൾ എന്നിവയ്ക്കു പുറമെ പുതുതായി എട്ടു സ്ഥലങ്ങളിൽ കൂടിയാണ് വിലക്ക് ഏർപ്പെടുത്തിയത്.

സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് സ്ഥാപനങ്ങൾ, സാംസ്‌കാരിക-സാമൂഹ്യ-ജീവകാരുണ്യ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവിടങ്ങളിലേക്ക് കൂടിയാണ് വിലക്ക് വ്യാപിപ്പിച്ചിട്ടുള്ളത്. മന്ത്രാലയങ്ങൾ, സർക്കാർ വ്യവസായ സ്ഥാപനങ്ങൾ എന്നിവ സർക്കാർ സ്ഥാപനങ്ങളുടെ പരിധിയിൽ വരും. പള്ളികളോട് ചേർന്നുള്ള സ്ഥലങ്ങളിലും പുകവലി പാടില്ല.

പതിനെട്ട് വയസിന് താഴെയുള്ളവർക്ക് പുകയില വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. പുകവലിക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ഇവർക്ക് അനുവാദമില്ല.

കര,കടൽ, വായുമാർഗമുള്ള യാത്രാസ്ഥലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ഗോഡൗണുകൾ, ശുചിമുറികൾ, എണ്ണ ഉത്പാദന-വിപണന കേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് വിൽപ്പന കേന്ദ്രങ്ങൾ, അടച്ചിട്ട എടിഎം മെഷീൻ ബൂത്തുകൾ, ഭക്ഷണം പാകം ചെയ്യുന്നതും വിൽപ്പന നടത്തുന്നതുമായ സ്ഥലങ്ങൾ, വാഹനങ്ങളിൽ ഭക്ഷണ വിൽപ്പന നടത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും പുകവലി നിരോധിച്ചു.