വിയന്ന: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള ബിൽ ഓസ്ട്രിയ പാർലമെന്റ് പാസാക്കി. ഇതോടെ 2018 മെയ്‌ മുതൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിയമവിരുദ്ധമാകും. ആഹാരപദാർഥങ്ങൾ നിർമ്മിക്കുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നുവെന്നാണ് പുതിയ നിയമം. 2009-ലെ നിയമമനുസരിച്ച് റെസ്റ്റോറന്റുകളേയും കഫേകളേയും പുകവലി നിരോധന മേഖലകളിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും പുതിയ നിയമമനുസരിച്ച് ഇവയും പുകവലി നിരോധന മേഖലകളിൽ പെടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് 2,000 യൂറോ പിഴയടയ്‌ക്കേണ്ടി വരുമെന്നും റെസ്‌റ്റോറന്റുകൾ, കഫേകൾ, ബാറുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് 100 യൂറോയുമായിരിക്കും പിഴ. സിഗരറ്റുകൾക്കൊപ്പം തന്നെ ഇ-സിഗരറ്റുകൾ, ശീശാ പൈപ്പുകൾ എന്നിവ വലിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും. സ്‌കൂളുകൾ, കുട്ടികളും ടീനേജിലുള്ളവരും കൂടുതലായി വരുന്ന പൊതുഇടങ്ങൾ (സ്പോർട്സ് ക്ലബുകൾ, റിഹേഴ്‌സൽ മേഖലകൾ) എന്നിവിടങ്ങളിലും പുകവലി നിരോധനം ബാധകമാണ്. മുതിർന്നവർക്കായുള്ള സ്വകാര്യ ക്ലബ് റൂമുകൾക്ക് നിയമം ബാധമല്ല. ഹോട്ടൽ റൂമുകളിലും പുകവലി നിരോധനം ബാധകമായിരിക്കും. എന്നാൽ ഹോട്ടലുകളിൽ വേറെ സ്‌മോക്കിങ് ഏരിയ അനുവദിക്കാവുന്നതാണ്.

എന്നാൽ പുകവലി നിരോധന നിയമത്തിനെതിരേ റെസ്‌റ്റോറന്റ്, കഫേ ഉടമസ്ഥർ ശക്തമായ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സമ്പൂർണ പുകവലി നിരോധനം തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുമെന്നാണ് ഇവർ പറയുന്നത്. സ്‌മോക്കിങ്, നോൺ-സ്‌മോക്കിങ് ഏരിയകൾ നിർമ്മിക്കുന്നതിനായി ലക്ഷക്കണക്കിന് യൂറോ തങ്ങൾ ചെലവഴിച്ചതായും പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ പണമെല്ലാം പാഴാകുമെന്നും ഇവർ വാദിക്കുന്നു.
എന്നാൽ 2016 ജൂലൈ ഒന്നിന് മുമ്പ് ഈ നിയമം പ്രാബല്യത്തിലാക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് നികുതിയിളവു നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുകവലിക്കാർക്കായി പ്രത്യേക സൗകര്യം ഒരുക്കിയതിന്റെ ചെലവിലേക്ക് 30 ശതമാനമായി ഈ ടാക്‌സ് ബോണസ് നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പുകവലിക്കാരുള്ള രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രിയ. പുകവലിയുമായി ബന്ധപ്പെട്ട അസുഖം പിടിപെട്ട് വർഷവും 14,000 പേർ ഇവിടെ മരിക്കുന്നുവെന്നാണ് റിപ്പോർട്ട്.