ക്യൂൻസ് ലാൻഡ്: 2001-നു ശേഷം ജനിച്ചവർക്ക് ആജീവനാന്തപുകവലി നിരോധനം നടപ്പിലാക്കാൻ ആലോചിക്കുന്നതായി ക്യൂൻസ് ലാൻഡ് ഹെൽത്ത് മിനിസ്റ്റർ കാമറോൺ ഡിക്ക്. സ്‌റ്റേറ്റിൽ നടപ്പിലാക്കിയ പുതിയ പുകവലി നിരോധനനിയമം എത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വിലയിരുത്തുമെന്നും അതനുസരിച്ചായിരിക്കും ഭാവിയിൽ പുകവലി സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഡിക്ക് വെളിപ്പെടുത്തി.

ക്യൂൻസ് ലാൻഡ് പാർലമെന്റ് അടുത്തിടെ ബസിലും ടാക്‌സിസ്റ്റോപ്പുകളിലും ഔട്ട്‌ഡോർ പെഡസ്ട്രിയൻ മാളുകളിലും ചൈൽഡ് കെയർ ഫെസിലിറ്റികളിലും കിഡ്‌സ് സ്‌പോർട്ടിങ് ഇവന്റുകളിലും സ്‌കേറ്റ് പാർക്കുകളിലുമുള്ള പുകവലി നിരോധിച്ചിരുന്നു.

2001-നു ശേഷം ജനിച്ചവർക്കെല്ലാം തന്നെ പുകവലി നിരോധനം ഏർപ്പെടുത്തുന്നത് സാവധാനം പുകവലിക്ക് പൂർണനിരോധനം ഏർപ്പെടുത്താനുള്ള നടപടിയായി കാൻസർ കൗൺസിൽ ക്യൂൻസ് ലാൻഡ് നിർദേശിച്ചതിനെ തുടർന്നാണ് ഇതു നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. 15 വർഷം കൊണ്ട് പ്രായപൂർത്തിയായവരിൽ പുകവലിക്കുന്നവരുടെ എണ്ണം 30 ശതമാനം എന്നത് 15 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. പുതിയ നിയമം നടപ്പാക്കുകയാണെങ്കിൽ പുകവലിക്കുന്നവരുടെ എണ്ണം ഇനിയും കുറയ്ക്കാൻ സാധിക്കുമെന്നും കാമറോൺ ഡിക്ക് വ്യക്തമാക്കുന്നു.

നിരവധി തടസങ്ങൾ മുന്നിലുണ്ടെങ്കിലും കാൻസർ കൗൺസിലിന്റെ ആശയം ചർച്ചയ്ക്ക് വിധേയമാക്കാൻ താൻ തയ്യാറാണെന്നാണ് ഡിക്ക് പറയുന്നത്. ടൂറിസം ഏരിയയായ ഗോൾഡ് കോസ്റ്റ് പോലുള്ള സ്ഥലങ്ങളിൽ ഇത്തരം നിരോധനങ്ങൾ നടപ്പിലാക്കുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്നും മന്ത്രി തുറന്ന് സമ്മതിക്കുന്നു. എന്നാൽ മാതൃകാപരമായ ആ നീക്കത്തിന് ശ്രമിക്കുന്നതും സംസാരിക്കുന്നതും തന്നെ സന്തോഷമുള്ള കാര്യമാണെന്നും ഡിക്ക് പറയുന്നു.