ന്യൂഡൽഹി: സിനിമാ തീയറ്ററുകളിലും മറ്റു പൊതു മാദ്ധ്യമങ്ങളിലും പുകവലിക്കെതിരായ പ്രചാരണം ശക്തമായതോടെ, ഇന്ത്യയിൽ പുകവലിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, പുരുഷന്മാർ പുകവലിയെ കൂട്ടതോടെ കൈയൊഴിയുമ്പോൾ, സ്ത്രീകൾ കൂടുതലായി പുകവലിയിലേക്ക് തിരിയുന്നു എന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

സ്ത്രീകളായ പുകവലിക്കാരുടെ എണ്ണം കൂടുമ്പോഴും ഇന്ത്യയിലെ പുകവലിക്കാരുടെ എണ്ണം കുറയുന്നുവെന്നും കണക്കുകൾ പറയുന്നു. പുരുഷന്മാരായ പുകവലിക്കാർ ദുശ്ശീലത്തെ കൈയൊഴിയുന്നതിന്റെ സൂചനയാണിത്. എന്നാൽ, അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പുകവലിക്കാരികൾ ഉള്ള നാടായി ഇന്ത്യ മാറുന്നതായും റിപ്പോർട്ടുണ്ട്.

പാർലമെന്റിൽ ആരോഗ്യ മന്ത്രാലയം സമർപ്പിച്ച കണക്കനുസരിച്ച് 2014-15 കാലയളവിൽ ഇന്ത്യയിൽ വലിച്ച സിഗരറ്റുകളുടെ എണ്ണം 9320 കോടിയാണ്. എന്നാൽ, 2013-14 കാലയളവിനെക്കാൾ 1000 കോടി സിഗരറ്റുകൾ കുറവാണിത്.10180 കോടിയായിരുന്നു ഇക്കാലയളവിലെ ഉപഭോഗം. സിഗരറ്റിന്റെ ഉദ്പാദനത്തിലും കാര്യമായ കുറവുവന്നു. 2013-14 കാലത്ത് 11000 കോടി സിഗരറ്റുകൾ ഉദ്പാദിപ്പിച്ചിരുന്നെങ്കിൽ 14-15 കാലയളവിൽ അത് 10530 കോടിയായി കുറഞ്ഞു.

പുകവലിയിലുണ്ടായ ഗണ്യമായ കുറവ് സ്വാഗതാർഹമാണെങ്കിലും ഇക്കാലയളവിൽ സ്ത്രീകളായ പുകവലിക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 1980-ൽ 53 ലക്ഷം പുകവലിക്കാരികളാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കിൽ, 2012-ൽ അത് 1.27 കോടിയായി ഉയർന്നു. വാഷിങ്ടൺ യൂണിവേഴ്‌സിറ്റി ഇതുസംബന്ധിച്ച് 187 രാജ്യങ്ങളിൽ പഠനം നടത്തിയിരുന്നു. അമേരിക്ക കഴിഞ്ഞാൽ പുകവലിക്കാരികൾ ഏറെയുള്ള രാജ്യം ഇന്ത്യയാണെന്നും പഠനത്തിൽ പറയുന്നു.

അമേരിക്കയിൽ 1980-ൽ 2.48 കോടി സ്ത്രീകൾ പുകവലിച്ചിരുന്നു. 2012 ആയപ്പോഴേക്കും അത് 1.77 കോടിയായി കുറയുകയാണുണ്ടായത്. എന്നാൽ, ഇന്ത്യയിൽ 53 ലക്ഷത്തിൽനിന്ന് 1.27 കോടിയായി ഉയർന്നു. ചൈനയിൽ 1.58 കോടി സ്ത്രീകൾ 1980-ൽ പുകവലിച്ചിരുന്നു. അവിടെയും 1.22 കോടിയായി കുറഞ്ഞ. റഷ്യയിൽ 94 ലക്ഷം 99 ലക്ഷമായി കൂടി. ബ്രസീലിൽ 56 ലക്ഷത്തിൽനിന്ന് 86 ലക്ഷത്തിലെത്തി. ഇന്ത്യയിലാണ് പുകവലിക്കാരാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഇത്രയേറെ വർധനയുണ്ടായിട്ടുള്ളത്.