കുവൈറ്റ് സിറ്റി: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന ആവശ്യവുമായി പാർലമെന്ററി കമ്മിറ്റി. ഇതു സംബന്ധിച്ച നിയമനിർമ്മാണം ഉടൻ തന്നെ പ്രാബല്യത്തിൽ വരുത്താൻ പാർലമെന്ററി കമ്മിറ്റി മുനിസിപ്പൽ കൗൺസിലിനോട് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച് പകരം കഫേകളിലും റെസ്റ്റോറന്റുകളിലും പുകവലിക്കാനുള്ള ഇടം ഒരുക്കിക്കൊടുക്കണമെന്നും കൗൺസിലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കുവൈത്ത് നിയമപ്രകാരം വിമാനത്താവളം, പാർക്കുകൾ, ആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുഗതാഗത വാഹനങ്ങൾ ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നത് നിലവിൽ പരിസ്ഥിതി നിയമലംഘനമായാണ് കണക്കാക്കുന്നത് . നിയമം ലംഘിക്കുന്നവർക്ക് 100 ദിനാർ വരെ പിഴ ചുമത്താൻ പരിസ്ഥിതി പൊലീസിന് അധികാരമുണ്ട് . എന്നാൽ പുകവലി ശീലം ഇല്ലാതാക്കാൻ ഈ നിയമം അപര്യാപ്തമാണെന്നാണ് പാർലമെന്റ് സമിതിയുടെ വിലയിരുത്തൽ.