ഖത്തറിൽ പുകവലിക്കെതിരെ കർശന നടപടികളുമായി പൊതുജന ആരോഗ്യ മന്ത്രാലയം. നടപടികളുടെ ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്കും മാളുകൾക്കും മുന്നിൽ പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പുകവലി നിരോധിക്കാനാണ് നീക്കം. വ്യാപാര സമുച്ചയങ്ങളിലെ ബന്ധപ്പെട്ടവരുമായി ഇതു സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കിയതായി അധികൃതൽ അറിയിച്ചു.

മാളുകളിലും ഹോട്ടലുകളിലുമെത്തുന്നവർ പുറത്തിറങ്ങി പുകവലിക്കുകയാണ് പതിവ്. ഇതു പൊതുജനങ്ങൾക്കു ഉണ്ടാക്കുന്ന ബുദ്ധിമുട്ടു കണക്കിലെടുത്താണ് പുതിയ തീരുമാനം. പുകവലി നിയന്ത്രണമേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവ്വേയും ഗ്ലോബൽ യൂത്ത് ടുബാക്കോ സർവ്വേയും ഖത്തറിൽ പൂർത്തിയായി കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഈ രണ്ടു സർവ്വേയും പൂർത്തിയാക്കിയ ഏക രാജ്യമാണ് ഖത്തർ.

പുകവലിക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദ്ദേശം കഴിഞ്ഞ വർഷം തന്നെ അധികൃതർ മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയുള്ള ബോർഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതിനുള്ള നിയമം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.