അമേതി: നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 26ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേതിയിൽ സജീവമാകും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമേതിയിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സ്മൃതി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോടാണ് തോറ്റത്. അമേതിയിലെ നാല് പ്രധാന മണ്ഡലങ്ങളിൽ ജനസമ്പർക്ക പരിപാടികളിൽ സ്മൃതി പങ്കെടുക്കും. കൂടാതെ റായ് ബറേലിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സുരക്ഷ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും.

മെയ് 18ന് രാഹുൽ ഗാന്ധി അമേതിയിലെത്തി ജനങ്ങളെ കണ്ടിരുന്നു. അതിനിടെ വികസനത്തിന് എതിരായാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ആരോപിച്ചു. വികസനം തടയാനായി പ്രതിപക്ഷം ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ പ്രചാരണം നടത്തുകയാണെന്ന് ബിജെപി യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധവും സുരക്ഷയും കണക്കിലെടുത്താണ് അനുമതി നൽകുന്നതടക്കമുള്ള നിബന്ധനകൾ ഒഴിവാക്കിയതെന്നും പറഞ്ഞു

സർക്കാർ ഫണ്ടുകളിൽ അപര്യപ്തത നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ ഗഡ്കരി മഹാരാഷ്ട്രയിൽ ഒരുലക്ഷം കോടി രൂപ ചെലവിൽ റോഡു നിർമ്മാണം നടത്തുമെന്ന് ഉറപ്പു നൽകി. ഗ്രാമപ്രദേശങ്ങളിൽ വ്യാവസായികമുന്നേറ്റം സാധ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം. യുവജനങ്ങൾ തൊഴിലിനു വേണ്ടി നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ കണക്കിലെടുത്താണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

2022ഓടെ എല്ലാവർക്കും വീടു പണിയണമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഭൂമിയേറ്റെടുക്കേണ്ടതുണ്ട്. ഇന്ധനവില വർദ്ധനവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ പെട്രോളിനും ഡീസലിനും പകരം എഥനോളിനെ ആശ്രയിക്കാമെന്നും ഇത് രാജ്യത്തെ ഇറക്കുമതി ബില്ലുകൾ ഗണ്യമായി കുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.