മുംബൈ: ബിബിസി കണ്ടാൽ ഇത്തവണത്തെ വിംബിൾടൺ കിടീരം നേടിയത് മാർട്ടീനാ ഹിംഗസാണെന്ന് തോന്നും. യഥാർത്ഥത്തിൽ ഹിംഗസിന് കിട്ടിയത് ഡബിൾസ് കിരീടമാണ്. അത് സാനിയാ മിർസയെന്ന ഇന്ത്യാക്കാരിയുടെ പോരാട്ട മികവിന്റെ കൂടി ഫലമായിരുന്നു. എന്നിട്ടും ബിബിസി സാനിയയുടെ മികവ് കണ്ടില്ല. ഇത് ശ്രദ്ധയിൽപ്പട്ടുടനേ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ടു. ഇതോടെ പ്രശ്‌നം വഷളായി.

ഒടുവിൽ വിംബിൾഡൻ ഡബിൾസിൽ ജേതാവായി രാജ്യത്തിന് അഭിമാനമായ സാനിയ മിർസയോട് വിവേചനം കാട്ടിയ ബിബിസി ന്യൂസ് ക്ഷമ ചോദിച്ച് തടിയൂരി. കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടൽ തന്നെയായിരുന്നു ഇതിന് കാരണം. ലണ്ടനിൽ നടന്ന വിംബിൾഡൻ മത്സരത്തിൽ വനിതാ ഡബിൾസ് വിഭാഗത്തിൽ സ്വിസ് താരം മാർട്ടിനാ ഹിംഗിസിനൊപ്പം സാനിയ കിരീടമണിഞ്ഞതിന് പിന്നാലെ ബിബിസി നടത്തിയ ട്വീറ്റാണ് വിവാദമായത്.

വിംബിൾഡൻ ഡബിൾസിൽ ഹിംഗിസ് വിജയിച്ചുവെന്നായിരുന്നു മത്സരശേഷം ബിബിസി ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയിൽപെട്ട സ്മൃതി ഇറാനി 'എന്താ സാനിയ വിജയിച്ചില്ലേയെന്ന്' ബിബിസിയോട് മറുചോദ്യം ഉന്നയിച്ചു. ഇറാനിയുടെ മറുപടി ശ്രദ്ധയിൽപെട്ടതോടെ തങ്ങൾക്കുപറ്റിയ പിഴവിൽ മാപ്പുപറഞ്ഞ ബിബിസി 'ഇന്ത്യയുടെ സാനിയ മിർസ മാർട്ടിന ഹിംഗിസിനോടൊപ്പം വിംബിൾഡൺ ഡബിൾസിൽ വിജയിച്ചു'എന്ന് വീട്ടും ട്വീറ്റ് ചെയ്തു.

ബിബിസിയുടെ നടപടിക്ക് എതിരെ ട്വിറ്ററിൽ ഇന്ത്യക്കാരുടെ പ്രതിഷേധവും രൂക്ഷമായി. ബിബിസി മനപ്പൂർവം സാനിയയെ ഒഴിവാക്കിയതാണെന്നും വിവേചനമാണെന്നുമായിരുന്നു വിമർശനം