ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും പാർട്ടി ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിന് ഇടെയാണ് സ്മൃതി ഇറാനി സോണിയയെയും രാഹുലിനെയും ആക്രമിച്ച് രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും മകളും ജീവിക്കാനായാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ സോണിയയ്ക്കും രാഹുലിനും പണത്തിന് വേണ്ടി ജോലി ചെയ്യേണ്ടി വന്നിട്ടില്ലെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.

ലളിത് മോദി വിവാദത്തിൽ സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രതികരണത്തെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ നടത്തിയ ആരോപണത്തത്തോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. സുഷമ നല്ലൊരു നടിയാണെന്നും ലളിത് മോദിയിൽ നിന്നും സുഷമയും കുടുംബവും പണം വാങ്ങിയെന്നുമായിരുന്നു കോൺഗ്രസ് ആരോപിച്ചത്.

സുഷമാ സ്വരാജ് കഠിനാദ്ധ്വാനിയാണ്. അവരുടെ മകളും ജീവിക്കാനായി ജോലി ചെയ്യുന്നു. എന്നാൽ ഗാന്ധി കുടുംബം അങ്ങനെയല്ല. അവർ അന്നത്തെ അപ്പത്തിന് വേണ്ടി വെയിലിൽ പണിയെടുക്കുന്നില്ല. തെളിവൊന്നും ഇല്ലാത്ത ആരോപണമായതിനാൽ കോൺഗ്രസ് ചർച്ചയിൽ നിന്നും ഓടിയൊളിക്കുകയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണത്തെപ്പറ്റി അവർക്ക് എന്തറിയാം. ഒന്നര മണിക്കൂർ പ്രസംഗിക്കുന്നതിനേക്കാളും എളുപ്പമാണ് ഒന്നര മിനിറ്റ് മാദ്ധ്യമങ്ങളുടെ മൈക്കിന് മുന്നിൽ നിന്ന് സംസാരിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു. സുഷമയെ നടി എന്ന് വിളിച്ച കോൺഗ്രസ് നേതാക്കളോട് പാർലമെന്റ് നാടകശാലയാണോ എന്നും മന്ത്രി ചോദിച്ചു.