ന്യൂഡൽഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ നേരിട്ടതിന് പിന്നാലെ മറുപടി പോസ്റ്റുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആർത്തവത്തെ കുറിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പരാമർശം. ഇതിനെതിരെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.

ആരാധനയ്ക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാനുള്ള അവകാശം ആർക്കുമില്ലെന്നും ആർത്തവരക്തത്തിൽ മുങ്ങിയ പാഡുമായി നിങ്ങൾ സുഹൃത്തുക്കളെ കാണാൻ പോകുമോയെന്നുമായിരുന്നു സ്മൃതി ഇറാനി ചോദിച്ചത്. ഇതിനിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയും രംഗത്തെത്തിയത്. 'യോനിയിൽ കൂടി വരുന്നതെന്തോ അതിൽ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തിൽ അങ്ങനെ പറയാനാകില്ല'- എന്നായിരുന്നു ദിവ്യ സ്മൃതി ഇറാനിക്ക് നൽകിയ മറുപടി.

ശബരിമല സജീവമായ ചർച്ചാവിഷയമായിരിക്കെ സ്മൃതി ഇറാനിയുടെ പരാമർശം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ട്വിറ്ററിലും ഫേസ്‌ബുക്കിലുമെല്ലാം സ്മൃതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. കസേരയോട് ചേർത്ത് ബന്ധിച്ച നിലയിൽ ഒരു സത്രീ, വായ പോലും തുണികൊണ്ട് കെട്ടിയിരിക്കുന്നു. അവരുടെ കണ്ണുകൾ പകുതി അടഞ്ഞ നിലയിലുമാണ്. അങ്ങനെയൊരു ഫോട്ടോയോടെയാണ് സമൃതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് പഴയൊരു സീരിയലിൽ നിന്നുള്ള ഈ ചിത്രം ഇപ്പോഴെന്തിന് പോസ്റ്റ് ചെയ്തു എന്നായിരുന്നു ആദ്യമുണ്ടായ പ്രതികരണം.

പരാമർശത്തിനെതിരേ പരക്കെ ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് വേറിട്ട രീതിയിൽ ഇൻസ്റ്റഗ്രാമിൽ സ്വന്തം ഫോട്ടോയിട്ട് സ്മൃതി ഇറാനി പ്രതിഷേധിച്ചത്. തുളസി എന്ന കഥാപാത്രമായി സ്മൃതി തിളങ്ങിയ ക്യൂംകി സാസ് ഭി കഭി ബാഹു ധീ എന്ന സീരിയലിൽ നിന്നുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്.